കൊതുകുകൾക്കെതിരെ ജാഗ്രതവേണമെന്നു സിഡ്‌നി ആരോഗ്യവകുപ്പ്.

0
547

സിഡ്‌നി : ഈ വേനല്‍ക്കാലത്ത് റോസ് റിവര്‍ വൈറസിന്റെ ആക്രമണത്തിനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഈ വൈറസ് പരത്തുന്ന കൊതുകുകളില്‍നിന്ന് രക്ഷനേടാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് സിഡ്‌നി നിവാസികള്‍ക്കുള്ള മുന്നറിയിപ്പില്‍ പറയുന്നു. ചൂടുള്ള കാലാവസ്ഥയും ഈ മാസം പ്രവചിക്കപ്പെടുന്ന ഉയര്‍ന്ന തിരമാലകളും മഴയും കൊതുകുകളുടെ വര്‍ധനയ്ക്ക് സഹായകരമാകും.

സിഡ്‌നിയില്‍ വെള്ളമൊഴുകുന്ന സ്ഥലങ്ങളില്‍ കൊതുകുകള്‍ പെറ്റുപെരുകാന്‍ പറ്റിയ ഇടമാണെന്ന് ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യ വകുപ്പിലെ ഡോ. കാമറോണ്‍ വെബ് സാക്ഷ്യപ്പെടുത്തുന്നു. ഈര്‍പ്പമുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും കൊതുകുകളുടെ പ്രജനനം തടയാനുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. റോസ് റിവര്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തലവേദന, വിറയല്‍, പനി, ശരീരത്തിന്റെ അയവില്ലാതാകുക തുടങ്ങിയവയാണ് റോസ് റിവര്‍ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. വൈറസ് വാഹകരായ കൊതുകുകള്‍ കടിച്ചശേഷം ഏഴുമുതല്‍ പത്തുവരെ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ഒരു കൊതുക് കടിച്ചാല്‍ മാത്രം മതി, ഈ വൈറസ് ബാധിക്കാന്‍. സിഡ്‌നിയിലെ കൊതുകുകാലം നവംബര്‍ മുതല്‍ ഏപ്രില്‍വരെയാണ്. ഡിസംബര്‍, ഫെബ്രുവരി മാസങ്ങളാണ് കൊതുകുകള്‍ ഏറ്റവും കൂടുതല്‍ സജീവമായിരിക്കുന്ന കാലം. കൊതുകുകടിയില്‍നിന്ന് രക്ഷപ്പെടാന്‍ ഡോ. വെബ് ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. നീളമുള്ള ഷര്‍ട്ടുകളും പാന്റുകളും ധരിക്കുക, ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍നിന്ന് മാറിനില്‍ക്കുക, കൊതുകുകള്‍ പോലുള്ള കീടങ്ങളെ നശിപ്പിക്കാനുള്ള മരുന്നുകള്‍ സ്‌പ്രേ ചെയ്യുക എന്നിവ പാലിച്ചാല്‍ കൊതുകുകടിയില്‍നിന്ന് രക്ഷപ്പെടാം. കഴിഞ്ഞ വേനല്‍ക്കാലത്ത് ന്യൂ സൗത്ത് വെയില്‍സില്‍ റോസ് റിവര്‍ വൈറസ് ബാധ അതിരൂക്ഷമായിരുന്നു.

NO COMMENTS

LEAVE A REPLY