നിയമത്തിലെ മാറ്റം ; ന്യൂസിലാന്റുകാർക്കും പൗരത്വത്തിന് കാത്തിരിക്കേണ്ടിവരും.

0
3099

സിഡ്‌നി : കുടിയേറ്റ നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഓസ്‌ട്രേലിയയിലുള്ള ന്യൂസിലാന്‍ഡ് പ്രവാസികള്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങള്‍ അട്ടിമറിച്ചതായി ആക്ഷേപം. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡ് പ്രവാസികള്‍ക്ക് അനുവദിച്ച സുപ്രധാന ആനുകൂല്യങ്ങളാണ് ഇപ്പോള്‍ പുതിയനിയമ ഭേദഗതികളിൽ നിഷേധിക്കപ്പെട്ടിരിക്കുന്നതെന്ന് പ്രവാസികളും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പുതുക്കിയ നിയമമനുസരിച്ച് ന്യൂസിലാന്‍ഡ് വംശജര്‍ ഇനിയും കൂടുതലായി മൂന്നുവർഷം കൂടി കാത്തിരിക്കേണ്ടിവരും. സ്ഥിരമായ താമസ വിസ ലഭിച്ച് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം മാത്രമേ പൗരത്വത്തിനായി അപേക്ഷ നല്‍കാനാവൂ. ചുരുക്കത്തിൽ ഒന്‍പതു വര്‍ഷങ്ങള്‍ ഓസ്‌ട്രേലിയയില്‍ താമസമാക്കിയവര്‍ക്കു മാത്രമേ പൗരത്വത്തിന് അപേക്ഷ നല്‍കാന്‍ പോലും സാധിക്കുകയുള്ളൂ.

ഓസ്‌ട്രേലിയയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നതിനായി വിദ്യാര്‍ഥി ലോണുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയോടെ എത്തുന്ന യുവ പ്രവാസികളെ നിയമത്തിലെ മാറ്റങ്ങള്‍ ദോഷകരമായി ബാധിച്ചെക്കും. പൗരത്വത്തിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാലു വര്‍ഷത്തെ സ്ഥിരതാമസ വിസയുണ്ടായിരിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്‍ പ്രഖ്യാപനം നടത്തിയത്. പുതുക്കിയ ഈ നയം പിറ്റേന്നുതന്നെ നടപ്പാക്കുകയായിരുന്നു. കുടിയേറ്റ നിയമത്തിലെ ഭേദഗതികള്‍ ന്യൂസിലാന്‍ഡുകാരെ മാത്രമല്ല, എല്ലാ പ്രവാസികളെയും ബാധിക്കുമെന്ന് വിദേശകാര്യ, വ്യാപാര മന്ത്രാലയ വക്താവ് പറഞ്ഞു.

കുടിയേറ്റ നിയമം ശക്തമാക്കിയ 2001 നുശേഷം ഓസ്‌ട്രേലിയയില്‍ എത്തിയ ന്യൂസിലാന്‍ഡുകാര്‍ക്ക് പൗരത്വം നല്‍കുന്നത് എളുപ്പമാക്കുന്നതിന് ഓസ്‌ട്രേലിയയുമായി നടത്തിയ കരാര്‍ നയതന്ത്ര വിജയമായിരുന്നെന്ന് മുന്‍ പ്രധാനമന്ത്രി ജോണ്‍ കീ കഴിഞ്ഞ ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. തുടര്‍ച്ചയായ അഞ്ചു വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 53,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ സമ്പാദിച്ച ന്യൂസിലാന്‍ഡുകാര്‍ക്ക് സ്ഥിരതാമസ വിസയ്ക്കും ഒരു വര്‍ഷത്തിനുശേഷം ഓസ്‌ട്രേലിയന്‍ പൗരത്വത്തിനും അപേക്ഷിക്കാമെന്നായിരുന്നു
സർക്കാർ പ്രഖ്യാപിച്ചത്. അപേക്ഷ സ്വീകരിക്കുന്നത് 2017 ജൂലൈ ഒന്ന് മുതലാണ് തുടങ്ങുവാൻ നിശ്ചയിച്ചിരുന്നത്. പുതുക്കിയ നിയമമനുസരിച്ച് 2017 ൽ അപേക്ഷ നൽകി പി. ആർ. ലഭിച്ചുകഴിഞ്ഞു വീണ്ടും നാല് വർഷം കൂടി കാത്തിരുന്നാൽ മാത്രമേ പൗരത്വം ലഭിക്കുകയുള്ളു. 3,05,000 ന്യൂസിലാന്‍ഡ് പ്രവാസികളില്‍ത്തന്നെ ഒരുലക്ഷം പേര്‍ക്കു മാത്രമേ പൗരത്വത്തിന് അപേക്ഷ നല്‍കാന്‍ അര്‍ഹതതന്നെ ലഭിക്കുകയുള്ളൂ.

NO COMMENTS

LEAVE A REPLY