ഐഎസ് ബന്ധം: ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയന്‍ യുവാവിനെ നാടുകടത്തും.

0
1030

പെർത്ത് : ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയന്‍ പൗരന് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമെന്ന് സംശയം. ഇയാള്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അനുയായിയാണെന്നാണ് അധികൃതര്‍ കരുതുന്നത്. വ്യാഴാഴ്ച രാത്രിയില്‍ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിനെ സംശയകരമായ സാഹചര്യത്തില്‍ അധികൃതര്‍ ചോദ്യംചെയ്യുകയായിരുന്നു. മലയ്-ഓസ്‌ട്രേലിയന്‍ യുവാവിനെ നാടുകടത്താന്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പെര്‍ത്തില്‍നിന്ന് ഇന്ത്യയിലെത്തിയ യുവാവിന്റെ പക്കല്‍നിന്നും ജിഹാദി സാഹിത്യങ്ങളും ഇസ്ലാമിക സ്‌റ്റേറ്റിന്റെ ആശയങ്ങള്‍ ലാപ്‌ടോപ്പില്‍നിന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. പെര്‍ത്തില്‍നിന്നുമുള്ള ഇയാളുടെ യാത്രതിരിക്കല്‍ അധികൃതര്‍ക്ക് അറിയാമായിരുന്നെന്നും ഇയാളെ തടയാന്‍ ആവശ്യമായ തെളിവുകള്‍ കണ്ടെത്താനായില്ലെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍നിന്നു നാടുകടത്തപ്പെടുന്ന ഇയാള്‍ എന്ന് തിരിച്ച് ഓസ്‌ട്രേലിയയില്‍ എത്തുമെന്ന് സൂചന ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

മാരകമായ ആയുധങ്ങളുമായി ഫോട്ടോയ്ക്ക് പോസു ചെയ്തു നില്‍ക്കുന്ന ചിത്രങ്ങള്‍ ഇയാളുടെ ലാപ്‌ടോപ്പില്‍ കണ്ടെത്തിയതായി ഇന്ത്യന്‍ പോലീസ് അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയിലെ നിസാമുദ്ദീന്‍ പ്രദേശത്തു നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് താന്‍ എത്തിയതെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ പറഞ്ഞതായി ഇന്ത്യന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചോദ്യംചെയ്യലില്‍ അവ്യക്തമായാണ് ഇയാള്‍ മറുപടി നല്‍കുന്നത്. ഇയാള്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായതിനാല്‍ ഇയാളെ പെര്‍ത്തിലേക്ക് തിരിച്ചയയ്ക്കും. ഇസ്ലാമിക സ്‌റ്റേറ്റിനു പിന്തുണയേകാന്‍ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള 15 യുവാക്കള്‍ചേര്‍ന്ന് ജുനൂദ് അല്‍ ഖാലിഫ ഇ ഹിന്ദ് എന്ന ഒരു സംഘത്തിന് രൂപംനല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് ഇവര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്.

NO COMMENTS

LEAVE A REPLY