ആശുപത്രിയിലെ പാർക്കിങ് ഫീസിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു.

0
637

ബ്രിസ്‌ബേൻ : ക്വീന്‍സ് ലാന്‍ഡിലെ ആശുപത്രിയിലെ പാര്‍ക്കിംഗ് ഫീസിനെച്ചൊല്ലിയുള്ള പ്രതിഷേധം വ്യാപകമാകുന്നു. ബ്രിസ്ബണിലെ സിലെന്റോ ആശുപത്രിയിലെ പാര്‍ക്കിംഗ് ഫീസാണ് വിവാദമായിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന ഗുരുതര രോഗബാധിതരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ തങ്ങളുടെ വാഹനങ്ങള്‍ ഒരു കിലോമീറ്ററിലധികം അകലെയാണ് പാര്‍ക്കുചെയ്യുന്നത്. കാരണം ആശുപത്രിയിലെ പാര്‍ക്കിംഗ് ഫീസ് മിക്കവര്‍ക്കും താങ്ങാനാവുന്നില്ല.

മാത്തെര്‍ ഹെല്‍ത്ത് സര്‍വീസസിന്റെ നിയന്ത്രണത്തിലാണ് ആശുപത്രിയുടെ കാര്‍ പാര്‍ക്കിംഗ്. അരമണിക്കൂര്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിന് 12 ഡോളറും ഒരു ദിവസത്തേക്ക് 30 ഡോളറുമാണ് ഈടാക്കുന്നത്. ഈ നിരക്കുകള്‍ അധികമാണെന്നും ഇവ താങ്ങാനാവില്ലെന്നുമാണ് രോഗികളുടെ ബന്ധുക്കള്‍ പറയുന്നത്. ഇതിനെതിരേ മിക്കവരും രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രി അധികൃതര്‍ക്കു നല്‍കാന്‍ തയാറാക്കിയ ഭീമന്‍ അപേക്ഷയില്‍ ആയിരത്തിലധികംപേര്‍ ഒപ്പുവച്ചുകഴിഞ്ഞു.

ആശുപത്രി സന്ദര്‍ശകര്‍ക്ക് കണ്‍സഷനോടുകൂടിയ പാര്‍ക്കിംഗ് അനുവദിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരേണ്ടിവരും. സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രിക്ക് പതിനായിരങ്ങള്‍ ഒപ്പുവച്ച ഭീമന്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ രോഗികളുടെ ബന്ധുക്കള്‍ തീരുമാനിച്ചിട്ടുണ്ട്. ലുക്കേമിയ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്കും മറ്റ് അടുത്ത ബന്ധുക്കള്‍ക്കും രോഗിയെ കാണാനുള്ള അവസരം നിഷേധിക്കുകയാണ് അമിതമായ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതിലൂടെയെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു.

NO COMMENTS

LEAVE A REPLY