ഭവനരഹിതരുടെ എണ്ണം കൂടുന്നു. കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നത് പതിനായിരങ്ങൾ.

0
724

മെൽബൺ : മെല്‍ബണിലും സിഡ്‌നിയിലും ഭവനരഹിതരുടെ എണ്ണം വര്‍ധിക്കുന്നത് വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. സിറ്റികളിലെ കടത്തിണ്ണകളിലും മറ്റും അന്തിയുറങ്ങുന്നവരുടെ എണ്ണം അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ പാര്‍പ്പിട പ്രതിസന്ധി കൂടുതല്‍ വഷളാക്കുകയായിരുന്നു. എന്നാല്‍ എല്ലാവരും കരുതുന്നതുപോലെ ഈ പ്രതിസന്ധി അത്ര സങ്കീര്‍ണമല്ലെന്നാണ് ഒരു വിദഗ്ധന്റെ അഭിപ്രായം.

യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് ഹോംലെസ്‌നെസ് എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായ എവോയിന്‍ ഒ’ സുള്ളിവാന്റെ അഭിപ്രായത്തില്‍ ഭവനരാഹിത്യം ഒരു സങ്കീര്‍ണമായ പ്രശ്‌നമല്ല. നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ പാര്‍പ്പിടമില്ലായ്മ വര്‍ധിച്ചുവരുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ നിരവധി രാജ്യങ്ങള്‍ ഈ പ്രശ്‌നത്തെ വിജയകരമായി തരണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മെല്‍ബണില്‍ നടക്കുന്ന വിക്ടോറിയന്‍ ഹോംലെസ്‌നെസ് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡബ്ലിനിലെ ട്രിനിറ്റി കോളജിലെ സാമൂഹിക നയം എന്ന വിഷയത്തില്‍ പ്രഫസറുമാണ് അദ്ദേഹം.

പാര്‍പ്പിടമില്ലായ്മയെന്ന വിഷയം വിജയകരമായി കൈകാര്യം ചെയ്ത രാജ്യമാണ് ഫിന്‍ലാന്‍ഡ് എന്ന് ഡോ. സുള്ളിവാന്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന ഈ വിഷയത്തില്‍ കൂടുതല്‍ പഠനം നടത്തിയ രാജ്യം, ഇതൊരു സങ്കീര്‍ണമായ വിഷയമല്ലെന്ന് തീരുമാനിക്കുകയായിരുന്നു. വീടില്ലെന്നതാണ് ജനങ്ങളുടെ ഒരു പ്രധാന പ്രശ്‌നമെന്ന് തിരിച്ചറിയുകയാണ് ഒന്നാമതായി ഫിന്‍ലാന്‍ഡ് ചെയ്തത്. പരിഹാരമായി വീടില്ലാത്തവര്‍ക്കായി നിരവധി ഭവനങ്ങള്‍ നിര്‍മിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വീടില്ലാത്തവര്‍ക്കായി 2008 മുതല്‍ 2015 വരെ ആറായിരം വീടുകളാണ് സര്‍ക്കാര്‍ നിര്‍മിച്ചത്. സ്ഥിരമായ ഈ ഭവനങ്ങള്‍ ഫിന്‍ലാന്‍ഡിന്റെ പാര്‍പ്പിട പ്രതിസന്ധി ഒരു പരിധിവരെ കുറച്ചു.

വീടില്ലാത്ത ഒരു വ്യക്തിയെ സഹായിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഒരു വീട് നല്‍കുകയെന്നതാണ്. ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടാല്‍ അയാളുടെ വ്യക്തിപരങ്ങളായ മറ്റ് ആവശ്യങ്ങളും ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്ന് ഡോ. സുള്ളിവാന്‍ പറഞ്ഞു. ഭവനരഹിതര്‍ക്കുള്ള ഭവനപദ്ധതി ആദ്യം ആരംഭിച്ചത് അമേരിക്കയിലാണ്. ഇത്തരമൊരു പദ്ധതി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ ചെലവു കുറഞ്ഞതുമാണ്. നാല്‍പതോ അമ്പതോ അപരിചിതരോടൊപ്പം അന്തിയുറങ്ങാന്‍ ഇടം ലഭിച്ചാലും ഒരു വ്യക്തി ഭവനരഹിതന്‍ തന്നെയാണ്. ഇത് അയാളുടെ സ്വഭാവത്തിലും പ്രതിഫലിക്കും. എന്നാല്‍ സ്വന്തമായി ഒരു അപ്പാര്‍ട്ട്‌മെന്റ് എന്നത് ഓരോ വ്യക്തിയേയും മാറ്റിമറിക്കും. അവരുടെ പ്രതീക്ഷകളും വ്യത്യസ്തമായിരിക്കും. ഭവനരഹിതര്‍ക്ക് ഓരോരുത്തര്‍ക്കും സ്വന്തമായി ഒരു ഭവനമെന്ന പദ്ധതി നടപ്പാക്കാനായാല്‍ തെരുവുകളില്‍ അന്തിയുറങ്ങുന്നവെന്ന സാമൂഹിക പ്രശ്‌നത്തിന് നല്ലൊരു പരിഹാരമാകുമെന്ന് സുള്ളിവാന്‍ നിര്‍ദേശിക്കുന്നു.

NO COMMENTS

LEAVE A REPLY