മുത്തച്ഛനെ കൊലപ്പെടുത്തിയ കൊച്ചുമകൾ കോടതിയിൽ കുറ്റം സമ്മതിച്ചു.

0
759

അഡലൈഡ് : അഡ്‌ലെയ്ഡിലുണ്ടായിരുന്ന തന്റെ മുത്തച്ഛനെ കൊലപ്പെടുത്തിയത് താനാണെന്ന് കൗമാരക്കാരിയായ കൊച്ചുമകള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് 81 കാരനായ റോബെര്‍ട്ട് വിറ്റ്‌വെല്‍ അഡ്‌ലെയ്ഡിലെ ക്രെയ്ഗ്‌മോറിലെ വസതിയില്‍ കുത്തേറ്റു മരിച്ചത്. ഈ കേസില്‍ 19 കാരിയായ ബ്രിറ്റ്‌നി ജേഡ് ഡൈയര്‍ അറസ്റ്റിലായിരുന്നു. ഈ കേസിലെ വാദം ഇപ്പോള്‍ കോടതിയില്‍ നടക്കുകയാണ്. ഡൈയറിന്റെ സുഹൃത്ത് ബെര്‍ണഡിറ്റ് ബേണ്‍സും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കപ്പെട്ട കുറ്റപത്രത്തില്‍ ഇരുവരും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ആരോപിക്കുന്നു.

ക്വീന്‍സ്്‌ലാന്‍ഡില്‍നിന്നും രണ്ടു യുവതികളും വാഹനമോടിച്ച് അഡ്‌ലെയ്ഡിലെത്തിയത് വിറ്റ്‌വെലിനെ കൊലപ്പെടുത്താനും അദ്ദേഹത്തിന്റെ സമ്പാദ്യം കൈക്കലാക്കാനുമായിരുന്നു. വിറ്റ്‌വെല്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന 1,14,000 ഡോളര്‍ അടിച്ചുമാറ്റുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. മുത്തച്ഛനെ കൊലപ്പെടുത്തിയാല്‍ ലക്ഷ്യം സാധിക്കുക എളുപ്പമായിരിക്കുമെന്നാണ് ഇരുവരും കണക്കാക്കിയത്. സംശയമുണ്ടാകാതിരിക്കാന്‍ ചെറുമകളായ ഡൈയര്‍ വീട്ടിലെത്തി കൃത്യം നിര്‍വഹിക്കാനാണ് തീരുമാനിച്ചിരുന്നത്. സുഹൃത്തായ ബേണ്‍സ് വീടിനുപുറത്ത് കാറില്‍ത്തന്നെ കാത്തിരിക്കാനും തീരുമാനിച്ചു.

വീട്ടിനുള്ളിലെത്തിയ ഡൈയര്‍ മുത്തച്ഛനൊപ്പം ചെറുപ്പകാലത്തെ ഫോട്ടോകളും വീഡിയോകളും കണ്ടിരുന്നു. കൃത്യം നിര്‍വഹിക്കാനാവുമോയെന്ന് സംശയമുള്ളതായി സുഹൃത്തിന് ഇതിനിടെ ഡൈയര്‍ സന്ദേശമയച്ചു. വീടിനുള്ളില്‍നിന്ന് പുറത്തേക്ക് പോകാനൊരുങ്ങിയ വിറ്റ്‌വെലിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. പിന്നീട് നെഞ്ചിലും വീണ്ടും കഴുത്തിലും ഡൈയര്‍ കുത്തി. പിന്നീട് ഒരുവിധത്തിലാണ് മുത്തച്ഛനെ അടുക്കളയിലെത്തിച്ചതെന്ന് കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ വ്യക്തമാക്കുന്നു. ഇവിടെവച്ച് അദ്ദേഹത്തിന്റെ കഴുത്തിലേറ്റ ഒരു മുറിവില്‍ ബാന്‍ഡ്എയ്ഡ് ഒട്ടിക്കാന്‍ ഡൈയര്‍ സഹായിച്ചു. വലിയ ഒരു പാത്രത്തിനു മുകളില്‍ കിടന്നാണ് അദ്ദേഹം മരിക്കുന്നത്. ഈ പാത്രത്തിലും മറ്റും പറ്റിയിരുന്ന രക്തം കഴുകിക്കളഞ്ഞശേഷമാണ് ഡൈയറും സുഹൃത്തും വീട്ടില്‍നിന്നു പോയത്. വിറ്റ്‌വെലിന്റെ മരണം ഉറപ്പാക്കിയശേഷം എല്ലാം കഴിഞ്ഞെന്ന് സുഹൃത്തിന് സന്ദേശം അയച്ചു. പിന്നീട് ഇരുവരും വീടിനുള്ളില്‍ അരിച്ചുപെറുക്കിയെങ്കിലും പണമായിട്ടുണ്ടായിരുന്ന അദ്ദേഹത്തിന്റെ സമ്പാദ്യം കണ്ടെത്താനായില്ല. അദ്ദേഹത്തിന്റെ പഴ്‌സിലുണ്ടായിരുന്ന ആയിരം ഡോളര്‍ മാത്രമാണ് ഇരുവര്‍ക്കും ലഭിച്ചത്.

വിറ്റ്‌വെല്‍ ഫാഷനുകളൊന്നുമില്ലാതിരുന്ന ഒരു പഴഞ്ചന്‍ മനുഷ്യനായിരുന്നെന്നും കുടുംബാംഗങ്ങളെ അതിരറ്റ് സ്‌നേഹിച്ചിരുന്നയാളുമായിരുന്നെന്ന് കുടുംബാംഗങ്ങള്‍ കോടതിയെ അറിയിച്ചു. കൊച്ചുമകളായ ഡൈയറിന് മാനസികാരോഗ്യ വിഷയങ്ങളുണ്ടായിരുന്നതായും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. യം മുറിവേല്‍പ്പിക്കുന്ന സ്വഭാവം ഇവള്‍ക്കുണ്ടായിരുന്നതായും കുടുംബാംഗങ്ങള്‍ പറഞ്ഞു. എട്ടു വയസുള്ളപ്പോള്‍ മൂത്ത സഹോദരനെ കത്തിയുമായി വീടിനു ചുറ്റും ഓടിച്ചിരുന്നതായും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ഇരുവര്‍ക്കുമുള്ള ശിക്ഷ അടുത്തമാസം വിധിക്കും. ഇരുവരും ഇപ്പോള്‍ കസ്റ്റഡിയിലാണ്.

NO COMMENTS

LEAVE A REPLY