വ്യാജരേഖയുണ്ടാക്കി പണം തട്ടിയ ഡേ കെയര്‍ സെന്ററുകൾ അടച്ചുപൂട്ടി.

0
433

പെർത്ത് : സ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഏഴു ഡേ കെയര്‍ സേവന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. സര്‍ക്കാര്‍ സബ്‌സിഡികള്‍ വ്യാജമായി കൈപ്പറ്റിയിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. രണ്ട് സേവനദാതാക്കളുടെ അംഗീകാരവും ഫെഡറല്‍ സര്‍ക്കാര്‍ റദ്ദാക്കി. ചൈല്‍ഡ് കെയര്‍ പേയ്‌മെന്റ്‌സ് സംവിധാനത്തില്‍നിന്ന് 7.5 ലക്ഷംകോടി ഡോളറാണ് വ്യാജ ഡേ കെയര്‍ നടത്തിപ്പുകാര്‍ തട്ടിയെടുത്തത്.

ദേശീയതലത്തില്‍ 166 സേവനദാതാക്കള്‍ക്കുള്ള സാമ്പത്തിക സഹായമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫെഡറല്‍ സര്‍ക്കാര്‍ നിറുത്തലാക്കിയത്. ഇല്ലാത്ത കുട്ടികളുടെ കണക്കുകള്‍ അവതരിപ്പിച്ചാണ് ചില കേന്ദ്രങ്ങള്‍ സബ്‌സിഡി നേടിയിരുന്നത്. തങ്ങളുടെതന്നെ കുട്ടികളെ ഉള്‍പ്പെടുത്തി ചിലര്‍ സുഹൃത്തുക്കള്‍ വഴി സബ്‌സിഡി തട്ടിയെടുത്തിരുന്നു.

സബ്‌സിഡി തട്ടിയെടുക്കാന്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക ഡേ കെയര്‍ സെന്ററുകള്‍ക്കുള്ള സബ്‌സിഡി റദ്ദാക്കിയതിലൂടെ ഒരു ലക്ഷംകോടി ഡോളര്‍ പാഴാകുന്നത് നിയന്ത്രിക്കാനായെന്ന് വിദ്യാഭ്യാസമന്ത്രി സൈമണ്‍ ബിര്‍മിംഗ്ഹാം പറഞ്ഞു. കുട്ടികളുടെ പരിപാലനം സംബന്ധിച്ച് വിശദമായ അന്വേഷണങ്ങളില്ലാതിരുന്നത് വെട്ടിപ്പുകാര്‍ക്ക് സഹായകരമായി. കുട്ടികളുടെ പരിപാലന കേന്ദ്രങ്ങളെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും ഈ സംവിധാനത്തിലെ പിഴവുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ അതതു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. വ്യാജ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പുതന്നെ അവയ്ക്കു കടിഞ്ഞാണിടാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കാവും. കുട്ടികളുടെ പരിപാലനത്തിനായുള്ള ഡോളറുകള്‍ കഠിനമായി അധ്വാനിക്കുന്ന കുടുംബങ്ങളെ സഹായിക്കാനാണെന്നും അല്ലാതെ ചൂഷകരുടെ പോക്കറ്റ് നിറയ്ക്കാനല്ലെന്നും മന്ത്രി പറഞ്ഞു.

ദേശീയതലത്തില്‍ നിറുത്തലാക്കിയ പരിപാലന കേന്ദ്രങ്ങളിലേറെയും ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലുമാണ്. നിയമപരമായി കുറഞ്ഞ നിലവാരവും സൗകര്യങ്ങളുമില്ലാത്ത ഡേ കെയര്‍ സേവനദാതാക്കളെ കണ്ടെത്താനും അവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ കമ്യൂണിറ്റി സര്‍വീസസ് മന്ത്രി സിമോന്‍ മക് ഗര്‍ക് പറഞ്ഞു. നിലവാരം പുലര്‍ത്താത്ത സേവനകേന്ദ്രങ്ങളുടെ അംഗീകാരവും അവയുടെ പ്രവര്‍ത്തനവും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY