ഇന്ത്യയിൽ സ്വര്‍ണത്തിനും നിയന്ത്രണം ; ഉറവിടം വെളിപ്പെടുത്താത്ത സ്വര്‍ണം പിടിച്ചെടുക്കും;

0
1172

കൊച്ചി : സ്വര്‍ണത്തിനും നിയന്ത്രണവുമായി കേന്ദ്രം; ഉറവിടം വെളിപ്പെടുത്താത്ത അമിത സ്വര്‍ണം പിടിച്ചെടുക്കും; വിവാഹിതയായ സ്ത്രീക്ക് 62.5 പവന്‍ കൈവശം വെക്കാം. ഇന്ത്യയിൽ  കള്ളപ്പണം തടയാനെന്ന പേരില്‍ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ സ്വര്‍ണത്തിനും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. വെളിപ്പെടുത്താന്‍ കഴിയാത്ത വരുമാനം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണമാണ് ഇത്തരത്തില്‍ റെയ്ഡ് നടത്തി പിടിച്ചെടുക്കുക. ഇതിനായി കൈവശം വെക്കാവുന്ന സ്വര്‍ണത്തിന്‍റെ പരിധിയും സര്‍ക്കാര്‍ നിശ്ചയിച്ചു. അതേസമയം പാരമ്പര്യമായി ലഭിച്ചുപോന്ന സ്വര്‍ണത്തിന് ഇത്തരത്തില്‍ നികുതി ചുമത്തില്ല. പുതിയ ആദായ നികുതി നിയമത്തിലാണ് കേന്ദ്രം ഭേദഗതികള്‍ കൊണ്ടുവന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിര്‍ദേശം പുറത്തിറക്കിയത്.
വിവാഹിതരായ സ്ത്രീകള്‍, അവിവാഹിതരായ സ്ത്രീകള്‍, പുരുഷന്‍മാര്‍ എന്നിങ്ങനെ തരംതിരിച്ചാണ് സ്വര്‍ണം സൂക്ഷിക്കാനുളള നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ക്ക് 62.5പവന്‍ സ്വര്‍ണം(അഞ്ഞൂറ് ഗ്രാം) അവിവാഹിതര്‍ക്ക് 31.25 പവന്‍(250 ഗ്രാം), പുരുഷന്‍മാര്‍ക്ക് 12 പവന്‍ (നൂറ് ഗ്രാം) എന്നിങ്ങനെയാണ് കൈവശം വെക്കാവുന്ന സ്വര്‍ണത്തിന്റെ പരിധി. ഇതിലധികം സ്വര്‍ണം കൈവശം വെക്കുന്നവരില്‍ നിയമപരമായും പരസ്യപ്പെടുത്താവുന്ന വരുമാനം ഉപയോഗിച്ചും സമ്പാദിച്ച സ്വര്‍ണമാണെന്നുളള രേഖകള്‍ ഉണ്ടായിരിക്കണം. കൃത്യമായി കണക്കുകള്‍ ബോധിപ്പിക്കാത്ത പക്ഷം ആദായനികുതി വകുപ്പിന് റെയ്ഡ് പിടിച്ചെടുക്കാം.

ഇതേസമയം വീടുകളിലും ലോക്കറിലും സൂക്ഷിക്കുന്ന സ്വര്‍ണ്ണത്തിന് നികുതി ചുമത്തുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സ്വര്‍ണം കൈവശം വക്കുന്നതിന് അനാവശ്യ നിയന്ത്രണമില്ല. സ്രോതസ്സ് കാണിക്കാതെ കയ്യില്‍ വെക്കുന്ന സ്വര്‍ണത്തിനാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. വെളിപ്പെടുത്തിയ പണം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണത്തിന് നിയന്ത്രണം ബാധകമാകില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

NO COMMENTS

LEAVE A REPLY