നെയ്യ്, വെണ്ണ എന്നിവയുടെ വില കുതിച്ചുയരുന്നു. 100% വർദ്ധനവ് ഉണ്ടായേക്കും.

0
674

മെൽബൺ : നെയ്യ്, വെണ്ണ എന്നിവയുടെ വില കുതിച്ചുയരുന്നത് ഭക്ഷ്യോല്‍പാദകരെ വലച്ചേക്കും. ബേക്കറികളില്‍നിന്നുള്ള ഇഷ്ടവിഭവങ്ങള്‍ക്ക് ഇതോടെ വിലവര്‍ധിപ്പിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി ലഭ്യത കുറഞ്ഞതാണ് നെയ്യുടെയും വെണ്ണയുടെയും വില കുതിച്ചുയരാന്‍ കാരണം.

കഴിഞ്ഞ 12 മാസത്തിനിടെ ആഗോളതലത്തില്‍ നെയ്യുടെ വില 60 ശതമാനമാണ് വര്‍ധിച്ചത്. മൂന്നു വര്‍ഷം മുമ്പ് 25 കിലോയുടെ ഒരു ബ്ലോക്ക് നെയ്യിന് 80 ഡോളറായിരുന്നു വില. 18 മാസങ്ങള്‍ക്കുമുമ്പ് 25 കിലോയുടെ ഒരു പെട്ടി നെയ്യിന്റെ വില 120 ഡോളറായി. ഇപ്പോള്‍ ഇത് 300 ഡോളറായി ഉയരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. വിലവര്‍ധനയും ലഭ്യതക്കുറവും നെയ്യിനു പകരമുള്ള വസ്തുക്കള്‍ ഉപയോഗിക്കാന്‍ ഭക്ഷ്യോല്‍പാദകരെ നിര്‍ബന്ധിതരാക്കും. ഇത് ആരോഗ്യത്തിന് എത്രമാത്രം ഗുണകരമായിരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ബേക്കറികളില്‍നിന്നുള്ള ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നത് ഉപയോക്തക്കള്‍ ഇഷ്ടപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ നെയ്ക്കുപകരം മറ്റുള്ളവ ഉപയോഗിക്കേണ്ടിവരുമെന്നാണ് ഉല്‍പാദകള്‍ പറയുന്നത്.

നെയ്യിനും വെണ്ണയ്ക്കുമുള്ള വര്‍ധിച്ച ആവശ്യമാണ് വിലവര്‍ധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാലില്‍നിന്ന് നെയ്യ് നീക്കിയശേഷമുള്ള പാലായിരുന്നു മുമ്പ് ജനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നത്. എന്നാല്‍ നെയ്യ് നീക്കാത്ത യഥാര്‍ഥ പാലിനാണ് ആവശ്യക്കാരേറെയുള്ളത്. അതോടെ വെണ്ണയുടെയും നെയ്യിന്റെയും ലഭ്യതയും കുറഞ്ഞെന്ന് ഡയറി ഓസ്‌ട്രേലിയ വിദഗ്ധന്‍ ജോണ്‍ ഡ്രോപ്പെര്‍ട്ട് പറഞ്ഞു. വിപണിയില്‍ നെയ്യിന് ആവശ്യക്കാരേറിയതോടെ വെണ്ണയുല്‍പാദിപ്പിക്കുന്നവര്‍ക്ക് കൊയ്ത്തുകാലമാണ്. ആവശ്യത്തിനുള്ള വെണ്ണ വിപണിയില്‍ ലഭ്യമല്ലാത്തതിനാല്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന വെണ്ണയ്ക്ക് പറയുന്ന വില ലഭിക്കുന്ന അവസ്ഥയിലാണ്്.

ഓസ്‌ട്രേലിയയില്‍ മാത്രമല്ല മറ്റ് വിദേശരാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ക്രിസ്മസിന് ആവശ്യമായ വെണ്ണ ലഭിക്കാന്‍ സാധ്യതയില്ലെന്ന് മിക്ക യൂറോപ്യന്‍ രാജ്യങ്ങളും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വെണ്ണയും നെയ്യും ലഭ്യമായിട്ടുള്ള രാജ്യങ്ങളില്‍ ഇവയ്ക്ക് വലിയ വിലയാണ് നല്‍കേണ്ടിവരിക.

NO COMMENTS

LEAVE A REPLY