സ്വവര്‍ഗ വിവാഹനിയമം; ജനഹിത പരിശോധന രജിസ്‌ട്രേഷൻ ഓഗസ്റ്റ് 24 വരെ.

0
377

സിഡ്‌നി : സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതു സംബന്ധിച്ച് നടത്തുന്ന പോസ്റ്റല്‍ ജനഹിത പരിശോധനയില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് രജിസ്റ്റര്‍ ചെയ്യാന്‍ ഇനി 14 ദിവസങ്ങള്‍ കൂടി. ഇതു സംബന്ധിച്ച് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ജനഹിത പരിശോധനയ്ക്കുള്ള വോട്ടെടുപ്പിന് രജിസ്റ്റര്‍ ചെയ്യാന്‍ ഓഗസ്റ്റ് 24 വരെ സമയമുണ്ട്.

ജനഹിത പരിശോധനയില്‍ ജനങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ സമയം നല്‍കുമെന്ന് ആഭ്യന്തര പ്രത്യേക ആക്ടിംഗ് മന്ത്രി മത്തിയാസ് കോര്‍മാന്‍ പറഞ്ഞു. ജനഹിത പരിശോധന നടത്തി അതിന്റെ ഫലം അറിയിക്കുന്നതിന്റെ ചുമതല ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിനാണെന്ന് മന്ത്രി പറഞ്ഞു. സാധാരണ ഫെഡറല്‍ തെരഞ്ഞെടുപ്പിനുള്ള രജിസ്‌ട്രേഷന് ഓസ്‌ട്രേലിയന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഏഴു ദിവസത്തെ സമയമാണ് അനുവദിക്കുന്നത്.

ജനഹിതപരിശോധനയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അടുത്തമാസം ബാലറ്റ് പേപ്പറുകള്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് നല്‍കും. ഇത് നവംബര്‍ ഏഴോടെ തിരികെ നല്‍കണം. ജനഹിത പരിശോധനയുടെ ഫലം നവംബര്‍ 25 ന് പ്രസിദ്ധപ്പെടുത്തും. ഈ വര്‍ഷം അവസാനത്തോടെ പാര്‍ലമെന്റില്‍ സ്വവര്‍ഗ വിവാഹം സംബന്ധിച്ച് വോട്ടെടുപ്പ് നടന്നേക്കും. എന്നാല്‍ ഇതിന് യാതൊരു ഉറപ്പുമില്ല. പോസ്റ്റല്‍ വോട്ട് ഫലത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യാന്‍ എംപിമാര്‍ക്ക് ബാധ്യതയില്ല.

സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന സ്വതന്ത്ര എംപി ആന്‍ഡ്രൂ വില്‍ക്കിയും മറ്റ് ചില എംപിമാരും പോസ്റ്റല്‍ സര്‍വേയ്‌ക്കെതിരേ കോടതിയെ സമീപിച്ചിട്ടുണ്ട്. പോസ്റ്റല്‍ സര്‍വേയുടെ ഫലത്തെ പൂര്‍ണമായി വിശ്വസിക്കാനാവില്ലെന്നാണ് ഭരണഘടനാ വിദഗ്ധരുടെ ആശങ്ക.

NO COMMENTS

LEAVE A REPLY