സ്വതന്ത്ര വ്യാപാര കരാറിനെ ചൊല്ലി തർക്കം രൂക്ഷം ; നിലപാടിലുറച്ച് പ്രധാനമന്ത്രി; സമയംകൊല്ലിയെന്ന് പ്രതിപക്ഷം

0
516

സിഡ്‌നി : പ്രതിപക്ഷ നേതാവ് ബില്‍ ഷോര്‍ട്ടന്റെ പൊള്ളയായ ജനാധിപത്യ സിദ്ധാന്തമാണെന്ന് പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്‍ ആരോപിച്ചു. ട്രാന്‍സ് പസഫിക് പാര്‍ട്ട്‌നര്‍ഷിപ് സ്വതന്ത്ര വാണിജ്യ കരാറുമായി മുന്നോട്ടുപോകാനുള്ള തന്റെ നീക്കത്തെ അദ്ദേഹം ന്യായീകരിച്ചു. ട്രാന്‍സ് പസഫിക് പാര്‍ട്ട്‌നര്‍ഷിപ് നീക്കം ജീവച്ഛവമാണെന്നും ഇതിനായുള്ള സഖ്യകക്ഷി സര്‍ക്കാരിന്റെ നീക്കം സമയം പാഴാക്കലാണെന്നും ഷോര്‍ട്ടന്‍ അഭിപ്രായപ്പെട്ടിരുന്നു. യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ കരാറിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയിലെ സഖ്യകക്ഷി സര്‍ക്കാരിന്റെ പിന്തുണ അമേരിക്കന്‍ പ്രസിഡന്റിനെക്കാളും മുകളിലാണെന്ന് ഷോര്‍ട്ടന്‍ അഭിപ്രായപ്പെട്ടു.

സ്വതന്ത്ര വ്യാപാര കരാറിനെ എതിര്‍ക്കുന്ന ഷോര്‍ട്ടന്റെ നിലപാടില്‍ ലേബര്‍ പ്രധാനമന്ത്രിമാരായിരുന്ന ബോബ് ഹൗകും പോള്‍ കീറ്റിംഗും നാണംകെടുമെന്ന് ടേണ്‍ബുള്‍ തിരിച്ചടിച്ചു. ഈ കരാര്‍ നമ്മുടെ മേഖലയില്‍ സ്വതന്ത്ര വിപണികള്‍ തുറക്കുന്നതിനുള്ള സുപ്രധാന ഘടകമാണെന്ന് ടേണ്‍ബുള്‍ പറഞ്ഞു. യുഎസ് പ്രസിഡന്റായി ട്രംപ് സ്ഥാനമേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാടില്‍ അയവുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുവേ അമേരിക്കന്‍ പ്രസിഡന്റുമാര്‍ സ്വതന്ത്ര വ്യാപാര കരാറുകള്‍ക്ക് അനുകൂലമാണ്. യുഎസ് സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്ന റെക്‌സ് ടില്ലേഴ്‌സണും കരാറിനെ പിന്തുണച്ച് ശബ്ദമുയര്‍ത്തിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വതന്ത്ര വ്യാപാര കരാറിനു പിന്നാലെ പോകാതെ രാജ്യത്തെ നിരവധിയായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ഷോര്‍ട്ടന്‍ ആവശ്യപ്പെട്ടു. ഈ കരാര്‍ സമയം പാഴാക്കുന്ന ഒന്നാണ്. കഴിഞ്ഞ വര്‍ഷം 50,000 സ്ഥിര ജോലികളാണ് നഷ്ടമായത്. ഈ വര്‍ഷം തൊഴിലവസരങ്ങള്‍ കുറയാതിരിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കണമെന്ന് ഷോര്‍ട്ടന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY