മുട്ട ഫ്രീറേഞ്ച് ലേബലിൽ വിറ്റ പെർത്തിലെ ഫാമിനെതിരെ വൻപിഴയൊടുക്കി

0
499

പെർത്ത് : ഉപയോക്താക്കളെ കബളിപ്പിച്ച് മുട്ട വില്‍പന നടത്തിയ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മുട്ട ഉല്‍പാദക കമ്പനിക്ക് പിഴശിക്ഷ. കമ്പനിയുടെ ചില ഉല്‍പന്നങ്ങള്‍ക്ക് ഫ്രീ റേഞ്ച് സ്റ്റാറ്റസ് അവകാശപ്പെട്ട് വില്‍പന നടത്തിയത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സ്‌നോഡെയ്ല്‍ ഹോള്‍ഡിംഗ്‌സിനു ശിക്ഷ വിധിച്ചിരിക്കുന്നത്. ഉപയോക്താക്കളെ കബളിപ്പിച്ചതിന് 7,50,000 ഡോളറും കോടതി ചെലവിനത്തില്‍ മൂന്നുലക്ഷം ഡോളറുമാണ് പിഴയടയ്ക്കാന്‍ വിധിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷനാണ് വെസ്റ്റ് ഓസ്‌ട്രേലിയന്‍ മുട്ടയുല്‍പാദക കമ്പനിയായ സ്‌നോഡെയ്ല്‍
ഹോള്‍ഡിംഗ്‌സിനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. കമ്പനിയുടെ രണ്ടു ഫാമുകളില്‍ കോഴികള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാനോ കൂടുകളില്‍നിന്ന് പുറത്തിറങ്ങാനോ സാധിക്കുന്നില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. എന്നിട്ടും തങ്ങളുടെ ഉല്‍പന്നങ്ങളില്‍ ഫ്രീ റേഞ്ച് എന്നു രേഖപ്പെടുത്തി കമ്പനി മുട്ടകള്‍ വില്‍പന നടത്തുകയാണ്. രാജ്യത്തെ വന്‍കിട മുട്ട ഉല്‍പാദക കമ്പനികളിലൊന്നായ സ്‌നോഡെയ്ല്‍ ഹോള്‍ഡിംഗ്‌സ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മുട്ട വില്‍പനയ്ക്ക് എത്തിക്കുന്നുണ്ട്. ഏതെങ്കിലും തെറ്റായ തരത്തിലുള്ള പ്രവര്‍ത്തികള്‍ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കമ്മീഷന്റെ കണ്ടെത്തലുകള്‍ ഫെഡറല്‍ കോടതിയും ശരിവച്ചിട്ടുണ്ട്. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ കമ്പനി കുറ്റക്കാരനാണെന്ന് കോടതി വിലയിരുത്തി. പെര്‍ത്തിനു പുറത്ത് സ്വാന്‍ വാലിയിലും കാരാബൂഡയിലുമുള്ള കമ്പനി ഫാമുകളില്‍നിന്നാണ് കമ്മീഷന്‍ തെളിവുകള്‍ ശേഖരിച്ചത്. ഫ്രീ സ്റ്റാറ്റസ് പദവി ലഭിക്കാന്‍ ചില നിബന്ധനകളുണ്ട്. ഫാമുകളില്‍ വളര്‍ത്തുന്ന മുട്ടക്കോഴികള്‍ക്ക് കൂടുകളില്‍നിന്ന് യഥേഷ്ടം പുറത്തിറങ്ങാനും കയറാനുമുള്ള സ്വാതന്ത്ര്യം അനിവാര്യമാണ്. ഒരു ചതുരശ്രയടി മീറ്ററില്‍ ഒന്നില്‍ കൂടുതല്‍ കോഴികള്‍ പാടില്ല. ഒരു ഹെക്ടറില്‍ പതിനായിരും കോഴികളും. കഴിഞ്ഞ വര്‍ഷം ഭേദഗതി ചെയ്ത നിര്‍ദേശങ്ങള്‍ കമ്പനി പാലിച്ചിട്ടില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.

NO COMMENTS

LEAVE A REPLY