മയക്കുമരുന്ന് ജീവിതം തകർത്തു. മനസ്സ് തുറന്ന് ഫുട്‌ബോള്‍ താരം ക്രിസ് യാറെന്‍.

0
453

മയക്കുമരുന്നായ ഐസാണ് തന്റെ ജീവിതവും കരിയറും നശിപ്പിച്ചതെന്ന് ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗ് മുന്‍ താരം ക്രിസ് യാറെന്‍. ഒരു ക്രിസ്ത്യന്‍ വിഭാഗം തയാറാക്കി പുറത്തിറക്കിയ ഒരു വീഡിയോ അഭിമുഖത്തിലാണ് തന്റെ നാശത്തിനു പിന്നില്‍ മയക്കുമരുന്ന് ഉപയോഗമായിരുന്നെന്ന് കായികതാരം കുറ്റസമ്മതം നടത്തുന്നത്. മയക്കുമരുന്നിന്റെ അടിമയായിരുന്ന തനിക്ക് പുതുജീവന്‍ നല്‍കിയത് മതവിശ്വാസമായിരുന്നെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. പോട്ടേഴ്‌സ് ഹൗസ് ക്രിസ്റ്റിയന്‍ ഫെലോഷിപ്പ് ചര്‍ച്ചാണ് താരത്തിന്റെ അഭിമുഖം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

26 കാരനായ യാറെന്‍ കാള്‍ട്ടണിനുവേണ്ടി 119 കളികള്‍ കളിച്ചിട്ടുണ്ട്. കുടുംബത്തിലുള്ള ഒരാളാണ് തനിക്കു മയക്കുമരുന്നായ ഐസ് പരിചയപ്പെടുത്തിത്തന്നതെന്ന് യാറെന്‍ പറഞ്ഞു. മയക്കുമരുന്നിനോടുള്ള അഭിനിവേശം അതിശക്തമായിരുന്നെന്നും ഇത് ബന്ധങ്ങളെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും തകര്‍ത്തുകളഞ്ഞു. കരിയറും സമ്പത്തും നശിപ്പിച്ചത് ഐസ് എന്ന മയക്കുമരുന്നാണെന്ന് യാറെന്‍ വ്യക്തമാക്കുന്നു. മാനസികാരോഗ്യ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്ന് ദ ടൈഗേഴ്‌സ് യാറെന് അനിശ്ചിതകാലത്തേക്ക് അവധി നല്‍കി. തന്റെ കരിയറിനെ സംരക്ഷിക്കാനും ഈ ദുഃശീലത്തെ വിട്ടുപേക്ഷിക്കാനും കൗണ്‍സിലിംഗ്, മാനസികരോഗ വിദഗ്ധര്‍ എന്നിവരുടെ സഹായം തേടിയിരുന്നതായി യാറെന്‍ പറഞ്ഞു. പുനഃരധിവാസ കേന്ദ്രത്തിലെ ഉപദേശങ്ങളും ചികിത്സയും കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. എന്നാല്‍ ഒരു ക്രൈസ്തവ സഭയാണ് മയക്കുമരുന്ന് ഉപയോഗത്തില്‍നിന്ന് പൂര്‍ണമായും മാറാന്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY