ഓൾഡ് ഏജ് ഹോമുകളിലും പനിപടരുന്നു. ആശങ്കയോടെ ആരോഗ്യമേഖല.

0
337

സിഡ്‌നി : ന്യൂ സൗത്ത് വെയില്‍സിലെ വൃദ്ധസദനങ്ങളില്‍ കടുത്ത പനി പടരുന്നു. പനി വ്യാപകമായ സാഹചര്യത്തില്‍ വൃദ്ധസദനങ്ങളിലെ സന്ദര്‍ശനം കഴിവതും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ അന്‍പതിലധികം വൃദ്ധസദനങ്ങളിലാണ് കഴിഞ്ഞയാഴ്ച പനി പടര്‍ന്നുപിടിച്ചിരിക്കുന്നത്. ഈ വര്‍ഷം സംസ്ഥാനത്തെ 140 ഓളം വൃദ്ധസദനങ്ങളിലും പനി വ്യാപിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ ആരോഗ്യക്കുറവുള്ളവരായതിനാല്‍ ഇവര്‍ക്ക് പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പിലെ ഡോ. വിക്കി ഷെപ്പേര്‍ഡ് പറഞ്ഞു. വൃദ്ധസദനങ്ങളിലെ പനിബാധ 25 ശതമാനത്തില്‍ കൂടുതലാണ്. പനി കൂടുതലാകുന്ന സാഹചര്യത്തില്‍ വൃദ്ധരെ ആശുപത്രികളിലേക്ക് മാറ്റുകയാണ്. എന്നാല്‍ ഇതുമൂലമുള്ള മരണങ്ങള്‍ കുറവാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഇന്‍ഫഌവന്‍സ എയും ബിയുമാണ് സംസ്ഥാനത്ത് പടര്‍ന്നുപിടിച്ചിരിക്കുന്നത്. ഇതില്‍ ഇന്‍ഫഌവന്‍സ എ പിടിപെട്ടാല്‍ രോഗപ്രതിരോധശേഷി കുറവുള്ള വൃദ്ധരെ സാരമായി ബാധിക്കും.

ഈ വര്‍ഷം ഇതുവരെ 18,000 ത്തിലധികം ഇന്‍ഫഌവന്‍സ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന പ്രതിപക്ഷം വ്യക്തമാക്കി. എന്നാല്‍ വ്യാപകമായ പനിയെ പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ ആരോഗ്യ വകുപ്പ് വക്താവ് വാള്‍ട്ട് സെക്കോര്‍ഡ് ആരോപിച്ചു. യാതൊരു മുന്‍കരുതലുമില്ലാതിരുന്നത് സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തെയും ആശുപത്രി സംവിധാനങ്ങളെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. പനി പടരുമെന്നതിനാല്‍ ഓരോ വര്‍ഷവും അടിയന്തര വിഭാഗവും അംബുലന്‍സ് സര്‍വീസും മുന്‍കൂട്ടി തയാറാക്കിയിരിക്കും. എന്നാല്‍ ഇത്തവണ ഈ സംവിധാനങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് ആരോഗ്യ വകുപ്പ് വക്താവിന്റെ ആരോപണം.

NO COMMENTS

LEAVE A REPLY