രാജ്യത്തെ ആദ്യ വനിതാ ആർച്ച് ബിഷപ്പായി കേയ് ഗോള്‍ഡ്‌സ്‌വര്‍ത്തി ആംഗ്ലിക്കന്‍ ചര്‍ച്ചിന്.

0
602

പെർത്ത് : ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ വെസ്റ്റ് ഓസ്‌ട്രേലിയന്‍ ഡിവിഷന്റെ വനിതാ ആര്‍ച്ച് ബിഷപ്പായി കേയ് ഗോള്‍ഡ്‌സ്‌വര്‍ത്തി തെരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് ഓസ്‌ട്രേലിയയില്‍ ഒരു വനിത ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെടുന്നത്. 2008 ലാണ് ആദ്യ വനിതാ ആംഗ്ലിക്കന്‍ ബിഷപ്പായി കേയ് തെരഞ്ഞെടുക്കപ്പെടുന്നത്. പെര്‍ത്തിലെ അസിസ്റ്റന്റ് ബിഷപ്പായി അവര്‍ നിയമിതയായി. വിക്ടോറിയയിലെ ഗിപ്‌സ്്‌ലാന്‍ഡിലെ ബിഷപ്പാണ് ഗോള്‍ഡ്‌സ്‌വര്‍ത്തിയിപ്പോള്‍. പുതിയ പദവി ഏറ്റെടുക്കുന്നതിന് അടുത്ത വര്‍ഷം ഗോള്‍ഡ്‌സ്‌വര്‍ത്തി വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തും.

പെര്‍ത്ത് ആംഗ്ലിക്കന്‍ ഗേള്‍സ് സ്‌കൂള്‍, പെര്‍ത്ത് കോളജ് എന്നിവിടങ്ങളിലെ മുന്‍ ചാപ്ലൈനായിരുന്ന ബിഷപ് ഗോള്‍ഡ്‌സ്‌വര്‍ത്തി 1986 ല്‍ ഡീക്കനായും 1992 പുരോഹിതനായും വാഴിക്കപ്പെട്ടു. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ നിലവിലുള്ള ആര്‍ച്ച് ബിഷപ്പ് റോജര്‍ ഹെര്‍ഫ്റ്റ് ഡിസംബറില്‍ തല്‍സ്ഥാനത്തുനിന്നും രാജിവയ്ക്കുന്നതിനെത്തുടര്‍ന്നാണ് ബിഷപ് ഗോള്‍ഡ്‌സ്‌വര്‍ത്തി ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആംഗ്ലിക്കന്‍ സഭയുടെ പ്രതികരണം നല്‍കുന്നതിന് സഭാ പ്രതിനിധിയായി ആര്‍ച്ച് ബിഷപ് ഹെര്‍ഫ്റ്റ് റോയല്‍ കമ്മീഷനുമുന്നില്‍ ഹാജരായിരുന്നു.

ആര്‍ച്ച് ബിഷപ്പായി താന്‍ തെരഞ്ഞെടുക്കപ്പെട്ടത് സഭയുടെ നേതൃസ്ഥാനങ്ങളില്‍ തങ്ങളുടെ പങ്ക് വഹിക്കുന്നതിന് വനിതകള്‍ക്ക് പ്രചോദനമേകുമെന്ന് ബിഷപ് ഗോള്‍ഡ്‌സ്‌വര്‍ത്തി പറഞ്ഞു. റോയല്‍ കമ്മീഷന്‍ വിഷയത്തില്‍ ആംഗ്ലിക്കന്‍ ചര്‍ച്ചിനും മറ്റ് സഭാ വിഭാഗങ്ങള്‍ക്കും സമൂഹത്തിലുണ്ടായിരുന്ന മാന്യതയും ദേശീയതലത്തില്‍ നഷ്ടപ്പെട്ടതായി ബിഷപ് പറഞ്ഞു. ജനങ്ങളുടെ ബിഷപ്പായാണ് താന്‍ പെര്‍ത്തിലേക്കു വരുന്നതെന്ന് ബിഷപ് പറഞ്ഞു. തന്റെ പുതിയ പദവിയിലിരുന്ന് ഗാര്‍ഹിക പീഡനങ്ങളും മറ്റ് കുടുംബ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY