വിക്ടോറിയൻ മന്ത്രി ഫിയോണ റിച്ചാര്‍ഡ്‌സണ്‍(50) അന്തരിച്ചു.

0
593

മെൽബൺ : വിക്ടോറിയയിലെ ഗാര്‍ഹിക പീഡന തടയല്‍ വകുപ്പ് മന്ത്രി ഫിയോണ റിച്ചാര്‍ഡ്‌സണ്‍(50) അന്തരിച്ചു. വിവിധ കാന്‍സര്‍ രോഗങ്ങള്‍ക്ക് അടിമയായിരുന്നു. 2013 ല്‍ ഫിയോണയ്ക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചു. അന്നുമുതല്‍ ഈ രോഗത്തിന് ചികിത്സയിലായിരുന്നു. മന്ത്രിയായിരുന്നെങ്കിലും ചികിത്സാര്‍ഥം അവധിയിലായിരുന്നു. അടുത്തയാഴ്ചമുതല്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി കഴിഞ്ഞദിവസമാണ് മന്ത്രി അറിയിച്ചത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേ നടക്കുന്ന മാരകമായ അതിക്രമങ്ങള്‍ക്ക് അവസാനമുണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് അവര്‍ പ്രസ്താവിച്ചിരുന്നു.

ഇന്നലെ വൈകുന്നേരമാണ് ഫിയോണയുടെ അന്ത്യം സംഭവിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. കുടുംബങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ പ്രതികരണങ്ങളുമായി താന്‍ വീണ്ടും തിരിച്ചെത്തുകയാണെന്ന പ്രസ്താവന നടത്തിയതിന്റെ പിറ്റേദിവസമാണ് മന്ത്രിയുടെ ദാരുണാന്ത്യം. പൊതുജീവിതത്തില്‍ മൂല്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നല്ല വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു ഫിയോണയെന്ന് വിക്ടോറിയ പ്രമീയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് അഭിപ്രായപ്പെട്ടു. കുടുംബങ്ങളില്‍ യാതന അനുഭവിക്കുന്നവരെ രക്ഷിക്കാന്‍ പ്രവര്‍ത്തിച്ചയാളായിരുന്നു ഫിയോണ.

തന്റെ കുടുംബത്തില്‍തന്നെ അതിക്രമങ്ങളുണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞവര്‍ഷം മന്ത്രി ഫിയോണ വെളിപ്പെടുത്തിയിരുന്നു. സുന്ദരനും മറ്റുള്ളവരെ സ്വാധീനിക്കാന്‍ കഴിവുള്ളവനുമായിരുന്ന തന്റെ പിതാവ് ഏണസ്റ്റ്, മദ്യപിച്ചു വരുമ്പോള്‍ മറ്റൊരു മനുഷ്യനായിരുന്നെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്. വിക്ടോറിയയിലെ കുടുംബങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നിലപാടുമായാണ് ഫിയോണ രംഗത്തെത്തിയത്. ഫയോണയുടെ ഭര്‍ത്താവ് സ്റ്റീഫന്‍. രണ്ടു മക്കള്‍: മാര്‍ക്കസ്, കാതറിന്‍.

NO COMMENTS

LEAVE A REPLY