പണം മോഷ്ടിച്ച പെൺകുട്ടിയെ ബെൽറ്റ് കൊണ്ടടിച്ച സ്ത്രീക്കെതിരെ വിചാരണ പുരോഗമിക്കുന്നു.

0
575

പെർത്ത് : തുകല്‍ ബെല്‍റ്റ് ഉപയോഗിച്ച് എട്ടുവയസുകാരിയെ അച്ചടക്കം പഠിപ്പിച്ചതായി വെസ്റ്റ് ഓസ്‌ട്രേലിയന്‍ സ്ത്രീ കോടതിയില്‍ സമ്മതിച്ചു. ഇത്തരത്തില്‍ അച്ചടക്കം പഠിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ മാതാവില്‍നിന്നും രക്ഷകര്‍ത്താവില്‍നിന്നും തനിക്ക് അനുമതി ലഭിച്ചിരുന്നെന്ന് യുവതി കോടതിയെ അറിയിച്ചു. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ വടക്കന്‍ ഗോള്‍ഡ്ഫീല്‍ഡിലെ ലിയൊനാരയില്‍നിന്നുള്ള ഷാരോണ്‍ ഗേ കെംപ് ആണ് പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ച കേസില്‍ കുറ്റവിചാരണ നേരിടുന്നത്.

പെണ്‍കുട്ടിലെ ശാരീരികമായി പീഡിപ്പിച്ചെന്ന കേസില്‍ 2015 ഓഗസ്റ്റിലാണ് 51 കാരിയായ കെംപിനെതിരേ കുറ്റപത്രം ചുമത്തിയത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ കാണപ്പെട്ട മുറിവുകള്‍ ശ്രദ്ധയില്‍പെട്ട ബന്ധുക്കളാണ് അധികൃതരെ വിവരമറിയിച്ചത്. ബെല്‍റ്റ് ഉപയോഗിച്ച് പെണ്‍കുട്ടിയെ അടിക്കാറുണ്ടായിരുന്നെന്ന് കെംപ് സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ നിയമപരമായ രക്ഷാകര്‍ത്താവിന്റെ അനുമതിയോടെയായിരുന്നു താന്‍ പെണ്‍കുട്ടിയെ മര്യാദ പഠിപ്പിച്ചിരുന്നതെന്ന് ഇവര്‍ പറഞ്ഞു. കല്‍ഗൂര്‍ളി മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന ഏകദിന വിചാരണയിലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടില്‍നിന്നും നാലായിരം ഡോളറിന്റെ സാധനങ്ങള്‍ മോഷ്ടിച്ചതിനാണ് എട്ടുവയസുകാരി പെണ്‍കുട്ടിയെയും അവളുടെ സഹോദരിയെയും കെംപിന്റെ അടുത്തെത്തിച്ചത്. ഈ കുട്ടികളെ ഒരു പാഠം പഠിപ്പിക്കണമെന്ന് പെണ്‍കുട്ടികളുടെ വലിയ അമ്മായി ആവശ്യപ്പെട്ടതായി കെംപ് കോടതിയെ അറിയിച്ചു.

ബെല്‍റ്റിന്റെ ബക്കിള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ അടിച്ചിട്ടില്ലെന്ന് കെംപ് പറഞ്ഞു. കെംപിനെ ചോദ്യംചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പോലീസ് കോടതിക്കു കൈമാറി. തന്റെ കുട്ടികളെ മര്‍ദിക്കാനോ ബെല്‍റ്റ് ഉപയോഗിച്ച് ശാരീരികമായി ഉപദ്രവിക്കാനോ കെംപിന് അനുമതി നല്‍കിയിട്ടില്ലെന്ന് കുട്ടികളുടെ മാതാവ് പറഞ്ഞു. കേസില്‍ വിധിപറയുന്നത് ഡിസംബര്‍ ഒന്നിലേക്ക് മാറ്റിയതായി മജിസ്‌ട്രേറ്റ് സാന്ദ്ര ഡി മയിയോ അറിയിച്ചു.

NO COMMENTS

LEAVE A REPLY