ഇടത്തരക്കാരുടെ കുടുംബ ബാധ്യതകൾ കൂടുന്നെന്ന് പഠനറിപ്പോർട്ട്.

0
227

മെൽബൺ : പണയ ബാധ്യതയും കുട്ടികളുടെ സംരക്ഷണത്തിനായുള്ള ചെലവും ഓസ്‌ട്രേലിയയില്‍ കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. ദീര്‍ഘകാല സാമ്പത്തിക, ജീവിതശൈലിയും സംബന്ധിച്ച് മെല്‍ബണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനറിപ്പോര്‍ട്ടാണ് ഭയാനകമായ സ്ഥിതി വിവരക്കണക്കുകള്‍ പുറത്തുവിട്ടത്. വ്യക്തിബന്ധങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യ വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഓരോ വര്‍ഷവും 17,000 പേരെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിഭാഗം സര്‍വേ നടത്താറുണ്ട്.

2002 നുശേഷം 18 നും 39 നും മധ്യേ പ്രായമുള്ളവരുടെ പണയബാധ്യത ഇരട്ടിയായതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ വിഭാഗത്തിലുള്ളവരുടെ ഭവന പണയ ബാധ്യത ശരാശരി 1,69,201 ഡോളറില്‍നിന്ന് 3,36,586 ഡോളറായി വര്‍ധിച്ചിട്ടുണ്ട്. ഭവനങ്ങള്‍ വാങ്ങുന്നതിനല്ല ഇത്രയും ഭാരിച്ച തുക ലോണായി വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്ന റോജെര്‍ വില്‍കിന്‍സ് പറയുന്നത്. വീടുകള്‍ക്കു പകരം കാറുകള്‍ പോലുള്ള ആഢംബര വസ്തുക്കള്‍ക്കാണ് ഭവനവായ്പകള്‍ മിക്കവരും ഉപയോഗിച്ചിരിക്കുന്നത്. വാഹനങ്ങള്‍ക്കും മറ്റുമുള്ള വായ്പകള്‍ക്ക് പലിശനിരക്ക് താരതമ്യേന കൂടുതലാണ്. ഇതാണ് കുറഞ്ഞനിരക്കിലുള്ള ഭവനവായ്പകള്‍ക്ക് യുവാക്കളെ പ്രേരിപ്പിക്കുന്നത്.

2002 നുശേഷം കുട്ടികളുടെ സംരക്ഷണത്തിനുള്ള ചെലവും റോക്കറ്റുപോലെ കുതിച്ചുയര്‍ന്നിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കുടുംബങ്ങളുടെ ശരാശരി വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ല. എന്നാല്‍ സ്‌കൂളുകളില്‍ പോകാന്‍ പ്രായമായിട്ടില്ലാത്ത കുട്ടികളുടെ സംരക്ഷണത്തിനായുള്ള ചെലവ് 75 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഏകസ്ഥരായ മാതാപിതാക്കള്‍ക്ക് ഈ ചെലവ് പകുതിയിലേറെയാണ് വര്‍ധിച്ചിരിക്കുന്നത്. ഏകദേശം 1.2 ദശലക്ഷം കുട്ടികളുടെ മാതാപിതാക്കള്‍ തമ്മില്‍ വേര്‍പിരിഞ്ഞ അവസ്ഥയിലാണ്. ഇത്തരത്തിലുള്ള മാതാപിതാക്കളില്‍ 59 ശതമാനവും തങ്ങളുടെ കുട്ടികളുടെ ക്ഷേമത്തിനായാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. കുട്ടികളുടെ സംരക്ഷണത്തിനായി വേര്‍പിരിഞ്ഞ പങ്കാളിയില്‍നിന്ന് യാതൊരു സഹായവും ഇവര്‍ക്ക് ലഭിക്കുന്നില്ല. സ്വന്തമായി ഭവനങ്ങളില്ലാത്തവരും ഏകസ്ഥരുമായ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി യാതൊരു സഹായവും ലഭിക്കുന്നില്ല. ഇത് മിക്ക കുടുംബങ്ങളെയും പട്ടിണിയിലേക്ക് തള്ളിവിടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏകദേശം 25 ശതമാനത്തോളം കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്നതും വസ്തുതയാണ്.

NO COMMENTS

LEAVE A REPLY