ടാസ്മാനിയയിൽ പകർച്ചപ്പനി ബാധിച്ച് കൂട്ടമരണം.

0
586

മെൽബൺ : ടാസ്മാനിയയിലെ ഒരു നഴ്‌സിംഗ് ഹോമില്‍ നിരവധിപേര്‍ പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. ടാസ്മാനിയയിലെ ഡെവന്‍പോര്‍ട്ടിനടുത്തുള്ള ലാട്രോബിലെ സ്ട്രാത്‌ഡെവന്‍ എയ്ജ്ഡ് കെയര്‍ ഫെസിലിറ്റിയിലാണ് കൂട്ടമരണം നടന്നതായി കണ്ടെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ യുണൈറ്റിംഗ് ചര്‍ച്ചിന്റെ യുണൈറ്റിംഗ് ഏജ് വെല്‍ സംഘടനയുടെ മേല്‍നോട്ടത്തിലുള്ള വൃദ്ധസദനങ്ങളിലാണ് പകര്‍ച്ചപ്പനി പടര്‍ന്നുപിടിച്ചത്.

വിക്ടോറിയയിലെ വാംഗരട്ടയിലെ സെന്റ് ജോണ്‍സ് റിട്ടയര്‍മെന്റ് വില്ലേജില്‍ ഏഴു വയോധികര്‍ പകര്‍ച്ചപ്പനി ബാധിച്ചു മരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷമാണ് ടാസ്മാനിയയിലും വയോധികര്‍ മരിച്ചതായി സ്ഥിരീകരണമുണ്ടായത്. വിക്ടോറിയയിലെ വൃദ്ധസദനം നടത്തുന്നത് ആംഗ്ലിക്കന്‍ ചര്‍ച്ചാണ്. പകര്‍ച്ചപ്പനി പൊട്ടിപ്പുറപ്പെട്ട കാലയളവില്‍ ഓഗസ്റ്റ് 9 മുതല്‍ 30 വരെ കുറച്ചുപേര്‍ മരിച്ചിട്ടുണ്ടെന്ന് യുണൈറ്റിംഗ് ഏജ്‌വെല്‍ വക്താവ് അറിയിച്ചു. എന്നാല്‍ മരിച്ചവരുടെ എണ്ണം കൃത്യമായി വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.

പകര്‍ച്ചപ്പനി പടരാന്‍ തുടങ്ങിയപ്പോള്‍, സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിരുന്നതായി അദ്ദേഹം പറഞ്ഞു. പനി ബാധിച്ചവര്‍ക്ക് കൂടുതല്‍ പരിചരണവും ശ്രദ്ധയും നല്‍കിയിരുന്നു. പരിസരവും മറ്റും വൃത്തിയാക്കിരുന്നതായും വക്താവ് പറഞ്ഞു. വൃദ്ധസദനത്തില്‍ പകര്‍ച്ചപ്പനി ബാധിച്ച് നിരവധിപേര്‍ മരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നതിനാല്‍ മരിച്ചവരുടെ എണ്ണം വ്യക്തമാക്കാന്‍ സ്ഥാപനത്തോട് ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

NO COMMENTS

LEAVE A REPLY