മോഷ്ടിച്ച സർട്ടിഫിക്കറ്റുമായി ചികിത്സ നടത്തിയ ഇന്ത്യൻ ഡോക്ട്ടർ പിടിയിലായി.

0
1976

സിഡ്‌നി : ന്യൂ സൗത്ത് വെയില്‍സില്‍ ഡോക്ടറായി സേവനമനുഷ്ടിച്ച ഇന്ത്യാക്കാരന്‍ പിടിയില്‍. ശ്യാം ആചാര്യയാണ് ഡോക്ടറാണെന്ന വ്യാജരേഖകള്‍ സമര്‍പ്പിച്ച് ഓസ്‌ട്രേലിയയില്‍ ജോലി നേടിയെടുത്തത്. ഇയാളുടെ മെഡിക്കല്‍ ബിരുദങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലായിരിക്കുമ്പോള്‍ ഒരു ഡോക്ടറുടെ പേരും മെഡിക്കല്‍ ബിരുദങ്ങളും മോഷ്ടിച്ച് വ്യാജപേരില്‍ ഇയാള്‍ വിവിധ ആശുപത്രികളില്‍ ജോലിചെയ്യുകയായിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി വ്യാജപേരിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ന്യൂ സൗത്ത് വെയില്‍സിലെ മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ നേടുന്നതിനായി 2003 ല്‍ ഇയാള്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതായും അങ്ങനെ ജോലിയോടൊപ്പം ഓസ്‌ട്രേലിയന്‍ പൗരത്വവും നേടിയെടുത്തതായി ആരോപിക്കപ്പെടുന്നു.

ഹോണ്‍സ്ബി, വിയോംഗ്, ഗോസ്‌ഫോര്‍ഡ് ആശുപത്രികളില്‍ സാരംഗ് ചിതാലെ എന്ന പേരിലാണ് 2003 മുതല്‍ 2014 വരെ ഇയാള്‍ ചികിത്സ നല്‍കിയത്. ഒരു ജൂണിയര്‍ ഡോക്ടര്‍ എന്ന നിലയില്‍ മറ്റ് വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ആചാര്യ ജോലി ചെയ്തിരുന്നത്. ആചാര്യ ഉള്‍പ്പെടുന്ന സംഘത്തിന്റെ പേരില്‍ ഒരു പിശക് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ചികിത്സാ പിഴവിന് ഇരയായ രോഗിയെ കണ്ടെത്തിയിട്ടുണ്ട്. ആചാര്യയെക്കുറിച്ച് ഇപ്പോഴുള്ള വിവരങ്ങള്‍ അജ്ഞാതമാണെന്നും ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന്‍ ഏജന്‍സി ഇയാള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടിയ ശിക്ഷയായ 30,000 ഡോളര്‍ പിഴശിക്ഷ ചുമത്തിയേക്കും.

ആചാര്യയ്‌ക്കെതിരേ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ന്യൂ സൗത്ത് വെയില്‍സ് ഡെപ്യൂട്ടി സെക്രട്ടറി കാരെന്‍ ക്രോഷോ പറഞ്ഞു. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഇയാള്‍ സമര്‍പ്പിച്ച രേഖകള്‍ക്ക് നിയമസാധുതയുണ്ട്. എന്നാല്‍ ഇത് മറ്റൊരാളുടെതാണെന്ന് കണ്ടെത്താന്‍ മെഡിക്കല്‍ കൗണ്‍സിലിനു സാധിച്ചില്ല.

മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖയും യോഗ്യതകളും ഉപയോഗിച്ച് ജോലി സമ്പാദിക്കുകയും ഇതുവരെ പിടിക്കപ്പെടാതിരിക്കുകയും ചെയ്ത സാഹചര്യം ഞെട്ടിക്കുന്നതാണെന്നും ഈ വിഷയം ദേശീയതലത്തില്‍ അവതരിപ്പിക്കുമെന്നും ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യമന്ത്രി ബ്രാഡ് ഹസാര്‍ഡ് പറഞ്ഞു. ഡോക്ടറായി പരിശീലനം ലഭിച്ച ഒരു ഇന്ത്യന്‍ പൗരന്റെ പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളും ഉപയോഗിച്ച് ഒരു വിദേശപൗരന്‍ അതിര്‍ത്തി കടന്നെത്തിയെന്നത് തികച്ചും അസ്വസ്ഥജനകമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ പാസ്‌പോര്‍ട്ട് എന്നതിനുപരിയായി എന്തെല്ലാം നടപടികള്‍ ഇയാള്‍ക്കെതിരേ സ്വീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന് മന്ത്രി നിര്‍ദേശം നല്‍കി.

NO COMMENTS

LEAVE A REPLY