കൂടുതല്‍ സെലക്ടീവാകാന്‍ ഫഹദ്

0
990

രണ്ടാം വരവില്‍ പ്രേക്ഷകരെ അമ്പരപ്പിച്ച നടനാണ് ഫഹദ് ഫാസില്‍. മലയാള സിനിമയുടെ നവശൈലീ പ്രയാണത്തെ മുന്നില്‍ നിന്ന് നയിച്ച അഭിനേതാവും ഫഹദായിരുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് പിന്നാലെ ഫഹദ് അഞ്ച് ചിത്രങ്ങളില്‍ നിന്ന് പിന്‍മാറിയതായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് കേട്ട വാര്‍ത്ത. കരാര്‍ ചെയ്ത ചിത്രങ്ങളില്‍ നിന്നായിരുന്നു അഡ്വാന്‍സ് തിരികെ നല്‍കിക്കൊണ്ട് ഫഹദിന്റെ പിന്‍മാറ്റം. ഫഹദിനെ നായകനാക്കി സംവിധായകന്‍ സിദ്ദീഖ് ആലോചിച്ച ചിത്രം ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ വന്നു. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് ഫഹദ് പിന്‍മാറിയതായാണ് പുതിയ വാര്‍ത്ത. ഇഖ്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിക്കുന്ന മറ്റൊരു ചിത്രവും ഫഹദ് വേണ്ടെന്ന് വച്ചതായി അറിയുന്നു. സൂക്ഷ്മതയോടെയും കൂടുതല്‍ കരുതലോടെയും ഇനി പ്രൊജക്ടുകള്‍ കമ്മിറ്റ് ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് ഫഹദ് എന്നാണ് സൂചന. അന്‍വര്‍ റഷീദിന്റെ ബിഗ് ബജറ്റ് ചിത്രം വരെ വേറെ പ്രൊജക്ടുകള്‍ കമ്മിറ്റ് ചെയ്യേണ്ടെന്ന നിലപാടിലാണ് ഫഹദ് എന്നും സൂചനയുണ്ട്. നവാഗതനായ വിന്‍സെന്റിന്റെ രചനയിലാണ് അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രം. അമല്‍ നീരദ് ആയിരിക്കും ഈ സിനിമയുടെ ഛായാഗ്രാഹകനെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അക്കരക്കാഴ്ചകള്‍ ഒരുക്കിയ എബി സംവിധാനം ചെയ്ത മണ്‍സൂണ്‍ മാംഗോസ്, ആഷിക് അബു നിര്‍മ്മിച്ച ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം,സമീര്‍ താഹിറിന്റെ സഹസംവിധായകനായിരുന്ന സിജു എസ് ബാവയുടെ നാളെ എന്നീ സിനിമകളാണ് ഫഹദിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. മഹേഷിന്റെ പ്രതികാരം ക്രിസ്മസിനും മണ്‍സൂണ്‍ മാംഗോസ് ജനുവരിയിലുമായാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. അഞ്ജലീ മേനോന്‍ ചിത്രമായ ബാംഗ്ലൂര്‍ ഡേയ്‌സ് ആണ് ഫഹദിന്റെ ഒടുവിലത്തെ ഹിറ്റ് ചിത്രം. ഇയ്യോബിന്റെ പുസ്തകം ശ്രദ്ധ നേടിയെങ്കിലും വന്‍വിജയമായില്ല. ഈ വര്‍ഷം പുറത്തിറങ്ങിയ മറിയംമുക്ക്,ഹരം,അയാള്‍ ഞാനല്ല എന്നീ സിനിമകളും ബോക്‌സ് ഓഫീസില്‍ വീണു. കൃത്യസമയത്ത് പ്രൊജക്ടുകള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ചില നിര്‍മ്മാതാക്കളും ഫഹദിനെതിരെ രംഗത്തെത്തിയിരുന്നു. എണ്ണം കുറച്ച് മികച്ച ചിത്രങ്ങളുടെ ഭാഗമായി മതിയെന്ന നിലപാടിലാണ് ഫഹദ് എന്നും അറിയുന്നു.

NO COMMENTS

LEAVE A REPLY