എക്സ്പൈറി മരുന്നുകൾ വൻ അപകടങ്ങൾ വരുത്തിവക്കുന്നെന്ന് റിപ്പോർട്ട്

0
191

മെൽബൺ : കാലാവധി കഴിഞ്ഞതും ആവശ്യമില്ലാത്തതുമായ മരുന്നുകള്‍ അപകടകാരികളെന്ന് റിപ്പോര്‍ട്ട്. ബാത്ത്‌റൂമുകളിലും അടുക്കളയിലെ അലമാരികളിലും സൂക്ഷിച്ചിരിക്കുന്ന അനാവശ്യ മരുന്നുകള്‍ വീടുകളില്‍നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശം. ഇത്തരത്തിലുള്ള മരുന്നുകള്‍ തൊട്ടടുത്ത ഫാര്‍മസികളില്‍ തിരിച്ചേല്‍പ്പിക്കാന്‍ റിട്ടേണ്‍ അണ്‍വാണ്‍ഡഡ് മെഡിസിന്‍സ് ദേശീയ പദ്ധതിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ടോണി റിലീ ആവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞ മരുന്നുകളിലെ ഘടകങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലെങ്കിലും അവ ഉപദ്രവകാരികളായി മാറാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞു.

പ്രത്യേക താപക്രമീകരണത്തിലാണ് മരുന്നുകള്‍ സൂക്ഷിക്കേണ്ടത്. എന്നാല്‍ മിക്ക വീടുകളിലും മരുന്നുകള്‍ സൂക്ഷിക്കുന്നത് അലക്ഷ്യമായാണ്. കാലാവധി കഴിഞ്ഞ മരുന്നുകളുടെ ഉപയോഗം ഗുണത്തേക്കാളേറെ ഗുരുതരമായ ദോഷങ്ങളായിരിക്കും വരുത്തിവയ്ക്കുന്നത്. ചില മരുന്നുകള്‍ ഈര്‍പ്പമില്ലാത്തതും എന്നാല്‍ താപനില കുറഞ്ഞതും വെളിച്ചം കടക്കാത്തതുമായ സ്ഥലങ്ങളിലാണ് സൂക്ഷിക്കേണ്ടത്. വായു കടക്കാത്ത കണ്ടെയ്‌നറുകളാണ് ഇവയ്ക്ക് ഉത്തമം. എന്നാല്‍ ബാത്ത്‌റൂമുകളില്‍ സൂക്ഷിക്കുന്ന മരുന്നുകള്‍ ഈര്‍പ്പം കാരണം എളുപ്പത്തില്‍ കേടാകാനുള്ള സാധ്യതയുണ്ട്. ഇതുപോലെ തന്നെയാണ് അടുക്കളയില്‍ സൂക്ഷിക്കുന്ന മരുന്നുകളും.

വീടുകളില്‍ അലക്ഷ്യമായി സൂക്ഷിക്കുന്ന മരുന്നുകള്‍ കുട്ടികളും പ്രായമായവരും എടുത്തു കഴിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. വീടിന്റെ വിവിധ ഭാഗങ്ങളില്‍ അലക്ഷ്യമായി സൂക്ഷിക്കുന്ന മരുന്നുകള്‍ കഴിച്ച് ഓരോ വര്‍ഷവും അയ്യായിരത്തിലധികം കുട്ടികളാണ് ആശുപത്രിയിലാവുന്നത്.

ഉപയോഗശൂന്യമായ മരുന്നുകളും ഗുളികകളും ലേപനങ്ങളും പുറത്തേക്ക് വലിച്ചെറിയരുത്. ഇവ മണ്ണില്‍ ലയിച്ച് സമീപമുള്ള ജലസ്രോതസിനെ മലിനമാക്കും. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങുണ്ടാക്കുന്നതിനാല്‍ ആവശ്യമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ തൊട്ടടുത്ത ഫാര്‍മസികളില്‍ തിരികെയേല്‍പ്പിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു. ഫാര്‍മസികളില്‍ ലഭിക്കുന്ന മരുന്നുകള്‍ സുരക്ഷിതമായി നിര്‍വീര്യമാക്കും.

NO COMMENTS

LEAVE A REPLY