മനുഷ്യാവശിഷ്ടങ്ങൾ കടപ്പുറത്ത് ; കാണാതായ വീട്ടമ്മയുടേതെന്നു സംശയം.

0
1421

മെൽബൺ : വിക്ടോറിയയിലെ കടല്‍പ്പുറത്ത് കാണപ്പെട്ട മനുഷ്യാവശിഷ്ടങ്ങള്‍ രണ്ടാഴ്ചകള്‍ക്കു മുമ്പ് കാണാതായ എലീസ കറിയെന്ന വീട്ടമ്മയുടെതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എലീസ കറിയെ കാണാതായ കടല്‍ത്തീരത്തുനിന്നും പത്തു കിലോമീറ്റര്‍ അടലെയാണ് മനുഷ്യാവശിഷ്ടങ്ങള്‍ കാണപ്പെട്ടത്. അടുത്തു താമസിക്കുന്ന ഒരു സ്ത്രീ നായയുമായി നടക്കാനിറങ്ങിയപ്പോഴാണ് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവ കണ്ടെത്തിയത്. തുടര്‍ന്ന് ഇവ വിശദമായ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

എലീസ കറിയുടെ മരണത്തില്‍ ദുരൂഹതയല്ലെന്നാണ് കരുതുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗിന്റെ ഫൈനല്‍ നടന്ന രാത്രിയില്‍ കുടുംബവകയായുള്ള എയറീസ് ഇന്‍ലെറ്റ് ഹോളിഡേ ഹോമിലാണ് എലീസയെ അവസാനമായി കാണുന്നത്. എലീസയുടെ ഭര്‍ത്താവും കുട്ടികളും ഫുട്‌ബോള്‍ മത്സരത്തിനുശേഷം പിറ്റേദിവസമാണ് ഹോളിഡേ ഹോമിലെത്തുന്നത്. അപ്പോഴേക്കും അവര്‍ അപ്രത്യക്ഷയായിരുന്നു. എലീസയുടെ ഫോണ്‍ കാണാനില്ലായിരുന്നു. അവരുടെ വളര്‍ത്തുനായ തെരുവിലൂടെ അലഞ്ഞുനടക്കുന്നതായി കണ്ടെത്തി. കുടുംബത്തിന്റെ ഹോളിഡേ ഹോമിനടുത്തുള്ള പ്രദേശങ്ങളില്‍ അടിയന്തര വകുപ്പ് അന്വേഷണം നടത്തിയിരുന്നു.

ഒരു മാരത്തോണ്‍ ഓട്ടക്കാരിയായിരുന്ന എലീസയ്ക്കായുള്ള തെരച്ചില്‍ കുറ്റിക്കാടുകള്‍ നിറഞ്ഞ പാതയിലും പോലീസ് നടത്തിയിരുന്നു. എലീസയുടെ ഭര്‍ത്താവ് ഡേവിഡ് കറിയും മൂന്നു മക്കളും എലീസയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് പത്തുകിലോമീറ്റര്‍ അകലെ മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.

NO COMMENTS

LEAVE A REPLY