മക്കളെ പെട്രോളൊഴിച്ച് തീകൊളുത്തിയ പിതാവിന് 17 വര്‍ഷം തടവുശിക്ഷ

0
382

പെർത്ത് : പിതാവിന്റെ ക്രൂരതയ്ക്ക് കോടതിയുടെ ശിക്ഷ. മൂന്നും ഏഴും വയസ് പ്രായമുള്ള പെണ്‍മക്കളെ പെട്രോളൊഴിച്ചശേഷം തീവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പെര്‍ത്ത് യുവാവിന് കോടതി 17 വര്‍ഷം തടവുശിക്ഷ വിധിച്ചു. പെര്‍ത്തില്‍നിന്നുള്ള 45 കാരനായ എഡ്‌വേര്‍ഡ് ജോണ്‍ ഹെര്‍ബെര്‍ട്ടാണ് പ്രതി. 2015 ഓഗസ്റ്റില്‍ ഡബിള്‍വ്യൂവിലെ വസതിയിലായിരുന്നു കൊലപാതക ശ്രമം.

മൂന്നു വയസുമാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം ഇയാള്‍ തീകൊളുത്തുകയായിരുന്നു. തലയിലും നെഞ്ചിനും പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായിരുന്നു. ഓട്ടിസം ബാധിച്ച ഏഴുവയസുകാരിയെയും പൊള്ളലേറ്റ മൂന്നുവയസുകാരിയെയും അയല്‍വാസിയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഓഫീസറുമാണ് രക്ഷപ്പെടുത്തിയത്.

പൊള്ളലേറ്റ മൂന്നുവയസുകാരിയുടെ ദേഹത്തും മുഖത്തുമെല്ലാം പൊള്ളലിന്റെ പാടുകളുണ്ട്. കേള്‍വിശക്തിക്കും ശബ്ദത്തിനും സ്ഥിരമായ തകരാറുണ്ടെന്ന് കോടതി കണ്ടെത്തി. ബഹളംകേട്ട് വീട്ടിലെത്തിയ അയല്‍വാസിയായ സ്ത്രീയാണ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ നേതൃത്വം നല്‍കിയത്. ഇവര്‍ മുറിയിലെത്തുമ്പോള്‍ മൂന്നുവയസുകാരിയായ പെണ്‍കുഞ്ഞിന്റെ തലയില്‍ തീ പടര്‍ന്നിരുന്നു. ആറു വയസുകാരനായ ഒരു ആണ്‍കുട്ടി രക്ഷപ്പെട്ടിരുന്നു.

സംഭവത്തെക്കുറിച്ച് പുറത്തു പറയരുതെന്നും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തി. ബഹളംകേട്ട് സഹായിക്കാനെത്തിയ അയല്‍വാസിയെ ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. അഗ്നിബാധയുണ്ടായാല്‍, തീ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിച്ച് പ്രതിയുടെ തലയ്ക്ക് അടിച്ചാണ് ഹെര്‍ബര്‍ട്ടിനെ കീഴ്‌പ്പെടുത്തിയത്. കൃത്യം നടക്കുമ്പോള്‍ താനൊരു മാനസിക രോഗിയായിരുന്നെന്നും അതിനാല്‍ ശിക്ഷിക്കരുതെന്നും ഇയാള്‍ കോടതിയോട് അപേക്ഷിച്ചു. എന്നാല്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വമേധയാലുള്ള ഉപയോഗമാണ് ഇയാളെ ഇത്തരത്തിലാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. എ്ന്നാല്‍ പ്രതിക്ക് ശിക്ഷ നല്‍കാതിരിക്കാന്‍ ഇതൊന്നും മതിയായ കാരണമല്ലെന്ന് ശിക്ഷ വിധിച്ച ജസ്റ്റീസ് ലിന്‍ഡി ജെന്‍കിന്‍സ് പറഞ്ഞു. ശിക്ഷാ കാലാവധിയില്‍ 15 വര്‍ഷം ഇയാള്‍ക്ക് പരോള്‍ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY