മയക്കുമരുന്ന് കടത്ത് : ഡാര്‍വിന്‍ ദമ്പതികൾക്ക് തടവുശിക്ഷ.

0
295

ഡാര്‍വിന്‍ : മയക്കുമരുന്ന് സംഘത്തിന്റെ കണ്ണികളായി പ്രവര്‍ത്തിച്ച ദമ്പതികള്‍ക്ക് തടവുശിക്ഷ. അലക്‌സാണ്ടര്‍ ഹാറ്റ്‌സിവാല്‍സമീസ്, മിഷേല്‍ ഹാറ്റ്‌സിവാല്‍സമീസ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മയക്കുമരുന്ന് സംഘത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ചതിനാണ് ഡാര്‍വിന്‍ ദമ്പതികളെ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. 2016, 2017 വര്‍ഷങ്ങളില്‍ പോലീസ് നടത്തിയ വ്യാപക അന്വേഷണത്തിലാണ് ഇരുവരുടെയും പങ്ക് കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.

മയക്കുമരുന്നായ കൊക്കെയ്ന്‍ വിതരണം ചെയ്‌തെന്നാണ് ഇരുവര്‍ക്കുമെതിരേയുള്ള കേസ്. മിഷേല്‍ ഹാറ്റ്‌സിവാല്‍സമീസിന് രണ്ടു വര്‍ഷവും മൂന്നു മാസവുമാണ് തടവുശിക്ഷ ലഭിച്ചിരിക്കുന്നത്. അലക്‌സാണ്ടര്‍ ഹാറ്റ്‌സിവാല്‍സമീസിന് മൂന്നു വര്‍ഷവുമാണ് തടവുശിക്ഷ. ആറുമാസമായി ഇരുവരും പോലീസ് കസ്റ്റഡിയിലായതിനാല്‍ ഈ കാലയളവ് ശിക്ഷയില്‍നിന്ന് ഇളവ് ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വിതരണത്തില്‍ ഭര്‍ത്താവായ അലക്‌സാണ്ടറിനെപ്പോലെ നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലും മിഷേലും കുറ്റക്കാരിയാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഒന്നും മൂന്നും വയസുള്ള രണ്ടു കുഞ്ഞുങ്ങളുടെ പ്രാഥമിക സംരക്ഷകയെന്ന നിലയില്‍ മിഷേലിനെ വീട്ടുതടങ്കലിലാക്കമെന്ന് മിഷേലിന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ വളരെ പിന്തുണ നല്‍കുന്ന കുടുംബങ്ങളാണെന്നും അവര്‍ കുഞ്ഞുങ്ങളുടെ കാര്യം നോക്കിക്കൊള്ളുമെന്നും ജസ്റ്റീസ് സ്റ്റീഫന്‍ സൗത്ത്‌വുഡ് പറഞ്ഞു. ക്രിമിനല്‍ സ്വഭാവമുണ്ടെങ്കിലും അലക്‌സാണ്ടറിന്റെ കുടുംബം നല്ലൊരു കുടുംബമാണെന്നും അവന്റെ എല്ലാ സാഹചര്യങ്ങളിലും പിന്തുണ നല്‍കുന്ന കുടുംബമാണെന്നും ജസ്റ്റീസ് സൗത്ത്‌വുഡ് അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY