സുരക്ഷാ ഭീഷണി ; ഡൊമസ്റ്റിക് യാത്രകൾക്കും സുരക്ഷ ശക്തമാക്കുന്നു.

0
437

മെൽബൺ : ഓസ്‌ട്രേലിയന്‍ വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെര്‍മിനലുകളിലും സുരക്ഷ ശക്തമാക്കുന്നു. അന്താരാഷ്ട്ര ടെര്‍മിനലുകളില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടേതുപോലുള്ള സുരക്ഷയൊരുക്കാനാണ് ഫെഡറല്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് തികച്ചും അനിവാര്യമാണെന്ന് വ്യോമ സുരക്ഷാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ആഭ്യന്തര വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി നിയന്ത്രണങ്ങളും പുതിയ നടപടികളും നടപ്പാക്കും. ബോര്‍ഡിംഗ് പാസുകള്‍ സ്വീകരിക്കുന്നതിനൊപ്പം യാത്രക്കാരന്റെ തിരിച്ചറിയല്‍ രേഖകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം ഓരോരുത്തരെയും സ്‌കാനിംഗിനും വിധേയരാക്കും.

വ്യോമ സുരക്ഷിതത്വത്തില്‍ വലിയ നിഷ്‌ക്രിയത്വമാണ് ഇതുവരെയുള്ളതെന്ന് വ്യോമ സുരക്ഷിത വിദഗ്ധന്‍ റോജെര്‍ ഹെന്നിംഗ് പറഞ്ഞു. ആഭ്യന്തര ടെര്‍മിനലുകളിലും പ്രാദേശികവും ഗ്രാമീണവുമായ വിമാനത്താവളങ്ങളിലും സുരക്ഷയുടെ കാര്യത്തില്‍ ഗുരുതരമായ വീഴ്ചകളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ കാലഹരണപ്പെട്ടതും അടിസ്ഥാനമില്ലാത്തതുമാണെന്ന് ഫെഡറല്‍ എയര്‍പോര്‍ട്‌സ് കോര്‍പറേഷന്റെ സുരക്ഷാ വിഭാഗം മുന്‍ തലവന്‍ മൈക് കാര്‍മൊഡി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ടെര്‍മിനലുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമായിരിക്കുന്നതുപോലെ ആഭ്യന്തര, പ്രാദേശിക വിമാനത്താവളങ്ങളിലും സുരക്ഷാ നടപടികള്‍ ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യാത്രാ വിമാനം തകര്‍ക്കുന്നതിന് പദ്ധതി തയാറാക്കിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും അതിനായി ഉപയോഗിക്കുന്നതിനെന്നു സംശയിക്കുന്നതുമായ ഒരു ഉപകരണം പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെയാണ് വിമാനത്താവളങ്ങളില്‍ സുരക്ഷാ സംവിധാനം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

NO COMMENTS

LEAVE A REPLY