വേതനവർദ്ധനവിനായി അഡലൈഡിൽ ഇന്ന് ഡോക്ടർമാർ സമരത്തിൽ.

0
481

അഡലൈഡ് : സൗത്ത് ഓസ്‌ട്രേലിയയിലെ നൂറുകണക്കിന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ജോലിയില്‍നിന്നു വിട്ടുനില്‍ക്കും. സേവന, വേതന വ്യവസ്ഥകള്‍ സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നത് നീണ്ടുപോകുന്നതാണ് ഡോക്ടര്‍മാരുടെ സൂചനാ സമരത്തിനു കാരണം. പുതുക്കിയ വ്യവസ്ഥകളില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍ തീരുമാനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയാണ്.

സേവന, വേതന വ്യവസ്ഥകള്‍ പുതുക്കുന്നതു സംബന്ധിച്ച പരിഹാര ചര്‍ച്ചകള്‍ മാസങ്ങളായി നടക്കുന്നില്ലെന്ന് സാലറീഡ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ 1.5 ശതമാനം വര്‍ധന ഒരു മാസംമുമ്പ് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നതായി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഈ വാഗ്ദാനം യൂണിയന്‍ അംഗങ്ങള്‍ ഒന്നടങ്കം തള്ളിക്കളഞ്ഞിരുന്നു. പിതൃ അവധി, ഗാര്‍ഹിക പീഡന അവധി എന്നിവ നല്‍കുന്നതു സംബന്ധിച്ച് വ്യവസ്ഥ ചെയ്തിട്ടില്ലെന്നായിരുന്നു ആരോപണം. നഴ്‌സുമാര്‍ക്കും മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും അടുത്തിടെ 2.5 ശതമാനം വേതന വര്‍ധനവ് സര്‍ക്കാര്‍ നല്‍കിയിരുന്നതായി യൂണിയന്‍ പ്രസിഡന്റ് ഡോ. ലൗറ വില്ലിംഗ്ടണ്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ ശമ്പളം സംബന്ധിച്ച കരാറിന്റെ കാലാവധി 2016 ഏപ്രിലില്‍ അവസാനിച്ചിരുന്നു. അന്നുമുതല്‍ പുതുക്കിയ കരാറുണ്ടാക്കുന്നതിന് സര്‍ക്കാരുമായി ചര്‍ച്ചയിലാണെന്ന് ഡോ. ലൗറ പറഞ്ഞു.

സര്‍ക്കാരിന്റെ മെല്ലെപ്പോക്കു നയത്തില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സൂചനാ സമരം നടത്തുന്നത്. രാവിലെമുതലുള്ള സൂചനാ പണിമുടക്കു നടക്കുന്നുണ്ടെങ്കിലും രോഗികളെ പരിശോധിക്കാതെ വരില്ലെന്ന് ഡോ. ലൗറ പറഞ്ഞു. അടിയന്തര ചികിത്സയെയും സര്‍ജറിയെയും ഐസിയു സേവനത്തെയും സമരം ബാധിക്കില്ല. ഏഴു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഡോക്ടര്‍മാര്‍ പണിമുടക്കിലേക്കു തിരിയുന്നത്. രാവിലെ മുതല്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാര്‍ ഉച്ചകഴിഞ്ഞ് ജോലിക്കു ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

NO COMMENTS

LEAVE A REPLY