സൈബർ ക്രിമിനലുകൾ സെൻസസ് സൈറ്റ് കടന്നാക്രമിച്ചു. സെൻസസ് നിലച്ചു.

0
1774

സിഡ്‌നി : ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് രാജ്യത്തെ കണക്കെടുപ്പിനായി തയ്യാറാക്കിയ വെബ്‌സൈറ്റ് അന്താരാഷ്‌ട്ര സൈബർ ക്രിമിനലുകൾ ഹാക്ക് ചെയ്തതിനാൽ രാജ്യത്തെ സെൻസസ് നടപടികൾ അവതാളത്തിലായി. ഇന്നലെ (ഓഗസ്റ്റ് 9) രാത്രിയായിരുന്നു സെൻസസ് സമയം. ഏകദേശം രണ്ടര കോടിയോളം ജനങ്ങളായിരുന്നു സെൻസസിലെ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ വൈകിട്ട് 7 മണിയോടെ തന്നെ വെബ്‌സൈറ്റിൽ കയറാൻ പറ്റാത്തവിധം രാജ്യത്തിനു പുറത്തുനിന്നും ആയിരക്കണക്കിന് പ്രാവശ്യം ആക്രമണം ഉണ്ടായതുകൊണ്ട് 10 ശതമാനം പേർക്ക് മാത്രമേ സെൻസസ് നടപടികൾ പൂർത്തിയാക്കുവാൻ കഴിഞ്ഞുള്ളു.

രാജ്യത്തെ ജനതയുടെ മർമ്മ പ്രധാനമായ വിവരങ്ങൾ വിദേശ ഏജൻസികൾ കൈക്കലാക്കിയില്ല എന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ടെങ്കിലും രാജ്യസുരക്ഷയെ മുന്നിൽ കണ്ട് പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. സൈബർ ലോകത്തെ വർധിച്ചുവരുന്ന ക്രിമിനൽ നടപടികളിൽ സുപ്രധാന വകുപ്പായ ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അകപ്പെട്ടതിൽ ആശങ്കാകുലരായ ഓസ്‌ട്രേലിയൻ ജനത ഭീതിയോടെയാണ് ഈ വാർത്തയെ നോക്കിക്കാണുന്നത്. സംഭവം അറിഞ്ഞ ഉടൻ തന്നെ വിദഗ്ധ ടീമിന്റെ സഹായത്തോടെ കോടികൾ മുടക്കി സൈറ്റ് പൂർവ സ്‌ഥിതിയിലാക്കുവാൻ ശ്രമം തുടങ്ങിയിരുന്നെങ്കിലും ബുധനാഴ്ച രാവിലെ പോലും സൈറ്റ് പൂർണ്ണ സജ്ജമാക്കുവാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

സെപ്റ്റംബർ 23 വരെ സെൻസസ് വിവരങ്ങൾ നൽകുവാൻ അവസരമുണ്ടെന്നും, അതിനു ശേഷം മാത്രമേ ദിവസേന 180 ഡോളർ വച്ച് പിഴ ഈടാക്കൂ എന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് ഓൺലൈനിൽ സെൻസസ് നടപടികൾ പൂർത്തിയാക്കുവാൻ ചുരുങ്ങിയത് 30 മുതൽ 45 മിനിറ്റുവരെ സമയം ആവശ്യമാണ്. സാങ്കേതിക തകരാൻ സംഭവിച്ചാൽ പോലും രണ്ടു മില്യൺ ആളുകൾ സെൻസസ് രാത്രിയിൽ തന്നെ വിവരങ്ങൾ സമർപ്പിച്ചു കഴിഞ്ഞെന്നും സർക്കാർ അറിയിച്ചു. ഇതിനിടയിൽ സെൻസസിന്റെ പ്രാധാന്യം മനസ്സിലാക്കാതെ പലരും ലഭിച്ച ലോഗിൻ വിവരങ്ങളടങ്ങിയ കത്ത് നഷ്ടപ്പെടുത്തിയതായും അറിയുന്നു. ഇത്തരക്കാർ എത്രയും വേഗം 1300214531 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ പുതിയ ലോഗിൻ വിവരങ്ങളോ. പേപ്പർ ഫോമോ അയച്ചുതരുന്നതാണ്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഓൺലൈൻ വിവരങ്ങൾ ചോർത്തുവാനുള്ള സൈബർ ക്രിമിനലുകളുടെ ശ്രമത്തിന്റെ പ്രതിസന്ധി മുന്നിൽ കണ്ട് പേപ്പർ ഫോമിൽ സെൻസസ് നടപടികൾ പൂർത്തിയാക്കുവാൻ പലരും മുന്നോട്ടു വരുന്നുണ്ട്.

ദിവസേനയുള്ള വാർത്തകൾ അറിയുവാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയുക. pathram logo
https://www.facebook.com/shibu.nair.731/

NO COMMENTS

LEAVE A REPLY