അവധിക്കുപോകുന്ന യുവാക്കൾക്ക് കസ്റ്റംസ് വകുപ്പിന്റെ മുന്നറിയിപ്പ്.

0
1332

മെൽബൺ : അടുത്തയാഴ്ച ലാസ്റ്റ് ഇയർ വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ അവസാനിക്കുന്നതോടെ വിദേശരാജ്യങ്ങളില്‍ കറങ്ങാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയന്‍ അതിര്‍ത്തി സേനയുടെ മുന്നറിയിപ്പ്. ദീര്‍ഘനാളത്തെ പഠനത്തിന് താല്‍ക്കാലിക വിരാമമിട്ടാണ് നിരവധി കൗമാരക്കാരായ യുവാക്കള്‍ വിദേശരാജ്യങ്ങളില്‍ ചുറ്റിയടിക്കാന്‍ പോകുന്നത്. മനസും ശരീരവും ഒന്നു ഫ്രഷ് ആക്കാന്‍ നടത്തുന്ന യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ വിദേശയാത്രയുടെ ഓര്‍മയ്ക്കായി നിയമവിരുദ്ധ സ്മരണികകള്‍ കൊണ്ടുവരരുതെന്നാണ് അതിര്‍ത്തി സേന മുന്നറിയിപ്പു നല്‍കുന്നത്.

വിദേശരാജ്യങ്ങളില്‍നിന്ന് കൊണ്ടുവരാന്‍ പാടില്ലാത്ത സാധനങ്ങളുടെ നീണ്ട പട്ടികയാണുള്ളത്. അതിര്‍ത്തി സേനയിലെ ഓഫീസര്‍മാര്‍ കര്‍ശന പരിശോധന നടത്തുമെന്നും അവര്‍ സൂക്ഷ്മ നിരീക്ഷണം നടത്തുമെന്നും സേനയിലെ റോഡ് ഒ ഡോന്നെല്‍ അറിയിച്ചു. കൈപ്പിടിയില്‍ ബ്ലേഡുള്ള കത്തികള്‍, ബിബി ഗണ്ണുകള്‍, ലേസര്‍ പോയിന്ററുകള്‍, സ്റ്റണ്‍ ഗണ്ണുകള്‍ തുടങ്ങിയവ കൊണ്ടുവരുന്നതിന് നിരോധനമുണ്ട്. നിരോധിത വസ്തുക്കള്‍ കൊണ്ടുവരുന്നവരില്‍നിന്ന് 420 ഡോളര്‍ തല്‍സമയം പിഴയീടാക്കും. വിചാരണയ്ക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

വിദേശരാജ്യങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാവുന്നതാണ്. എന്നാല്‍ അവയ്ക്ക് ഓസ്‌ട്രേലിയയില്‍ വിലക്കുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഒ ഡൊന്നെല്‍ നിര്‍ദേശിച്ചു. ചില രാജ്യങ്ങളില്‍ നിയമപരമായത് നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണെന്ന് ഓര്‍ക്കണം. യുവാക്കള്‍ അധികവും പോകുന്നത് ബാലിയിലേക്കാണ്. മലേഷ്യ, തായ്‌ലാന്‍ഡ്, ചൈന എന്നിവിടങ്ങളിലേക്ക് അവധിക്കാലം ചെലവഴിക്കാന്‍ പോകുന്നവരെ അതിര്‍ത്തിസേന കര്‍ശനമായി നിരീക്ഷിക്കും. അതിര്‍ത്തിസേനയുടെ വെബ്‌സൈറ്റില്‍ നിയമവിരുദ്ധമായ സാധനങ്ങളുടെ പട്ടിക പരിശോധിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY