കൊടുംകുറ്റവാളികൾക്കായി പോലീസ് ഊർജിത അന്വേഷണം.

0
795

ബ്രിസ്‌ബേൻ : പോലീസ് തെരയുന്ന കൊടും കുറ്റവാളികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി മണിക്കൂറുകള്‍ക്കുശേഷം ക്വീന്‍സ്്‌ലാന്‍ഡ് ദമ്പതികള്‍ പിടിയിലായി. ഓസ്‌ട്രേലിയയിലെ ‘മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍സ്’ എന്ന പട്ടികയില്‍ 19 കൊടും കുറ്റവാളികളാണുള്ളത്. ഇവരില്‍ രണ്ടുപേരാണ് ഇന്നലെ അറസ്റ്റിലായത്. മയക്കുമരുന്ന് കള്ളക്കടത്തുകാരായ കാത്‌ലീന്‍ ഗ്രേ (46), ഭര്‍ത്താവും കൂട്ടുപ്രതിയുമായ ജോനാഥന്‍ ഗ്രേ(41) എന്നിവരാണ് ഇന്നലെ വൈകുന്നേരം സൗത്ത് ഓസ്‌ട്രേലിയയില്‍ പോലീസ് പിടിയിലായത്. ഇരുവരെയും തിരിച്ച് ക്വീന്‍സ്്‌ലാന്‍ഡിലെത്തിക്കും.

ആംഫെറ്റാമിന്‍, കഞ്ചാവ്, ഹെറോയിന്‍ എന്നിവ സംസ്ഥാനത്ത് വന്‍തോതില്‍ വിതരണം ചെയ്‌തെന്നാണ് ഇവര്‍ക്കെതിരേയുള്ള കുറ്റാരോപണം. കഴിഞ്ഞ ഡിസംബറില്‍ ഇരുവരും കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകാതെ ഇവര്‍ മുങ്ങിനടക്കുകയായിരുന്നു. റോഗ് റഡാര്‍ എന്ന ഓപ്പറേഷന്‍ ക്രൈം സ്‌റ്റോപ്പേഴ്‌സ് തിങ്കളാഴ്ച രാവിലെയാണ് പ്രഖ്യാപിച്ചത്. കൊടുംകുറ്റവാളികളുടെ പട്ടികയില്‍ നാല് ക്വീന്‍സ്്‌ലാന്‍ഡുകാരുണ്ട്. മനഃസാക്ഷിയെ മരവിപ്പിച്ച ഗോള്‍ഡ്‌കോസ്റ്റ് ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ജോണ്‍ ബൊബാക്, മയക്കുമരുന്ന് കൈവശംവച്ച കേസില്‍ പോലീസ് തെരയുന്ന തോമസ് വാല്‍ഷ് എന്നിവരാണ് മറ്റ് ക്വീന്‍സ്്‌ലാന്‍ഡുകാര്‍.

കുറ്റവാളികളായ ദമ്പതികളുടെ അറസ്റ്റ് നല്ലൊരു തുടക്കമാണെന്ന് ക്രൈം സ്‌റ്റോപ്പേഴ്‌സ് ചെയര്‍മാന്‍ ട്രെവര്‍ ഒ ഹാറാ പറഞ്ഞു. കുറ്റവാളികള്‍ക്കായുള്ള അന്വേഷണ പ്രചാരണത്തിനു തുടക്കം കുറിച്ച് 12 മണിക്കൂര്‍ കഴിയുന്നതിനുമുമ്പ് രണ്ടു കുറ്റവാളികളെ പിടികൂടാനായത് നല്ല റിസള്‍ട്ടാണെന്നും അടുത്ത ആഴ്ചകളില്‍ മറ്റു കുറ്റവാളികളെയും പിടികൂടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു കുറ്റവാളികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷം കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരില്‍ പതിനൊന്നുപേരെയും കൃത്യമായി കണ്ടെത്താനും പിടികൂടാനും ക്രൈം സ്‌റ്റോപ്പേഴ്‌സിനു സാധിച്ചിരുന്നു. കുറ്റവാളികളെന്നു സംശയിക്കുന്നവരെ യാതൊരു കാരണവശാലും സമീപിക്കരുതെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 1800 333 000 എന്ന നമ്പരില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിക്കുന്നു.

NO COMMENTS

LEAVE A REPLY