ബാലിയിൽ കടയിൽ മോഷണം നടത്തിയ പെർത്ത് യുവാവിന് തടവ് ശിക്ഷ.

0
531

പെർത്ത് : ബാലിയിലെ കടയില്‍നിന്ന് സണ്‍ഗ്ലാസുകള്‍ അടിച്ചുമാറ്റിയ ഓസ്‌ട്രേലിയന്‍ പൗരന് മൂന്നരമാസം തടവുശിക്ഷ. പെര്‍ത്തില്‍നിന്നുള്ള 31 കാരനായ തോമസ് വില്യം ഹര്‍മാനാണ് കോടതി ശിക്ഷ വിധിച്ചത്. ബാലിയിലെ കോടതിയില്‍ കുറ്റസമ്മതം നടത്തിയ ഹാര്‍മാന് കോടതി മൂന്നു മാസവും 15 ദിവസവുമാണ് തടവുശിക്ഷ വിധിച്ചത്. കഴിഞ്ഞ മൂന്നുമാസമായി ഹാര്‍മാന്‍ ബാലിയിലെ കെരോബാകന്‍ ജയിലിലായിരുന്നു. ഈ കാലാവധികൂടി പരിഗണിച്ച് ശിക്ഷാകാലാവധി അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമാണുള്ളത്.

പെര്‍ത്തിലേക്കുള്ള യാത്രാമധ്യേ ബാലിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍നിന്നാണ് ഹര്‍മാന്‍ സണ്‍ഗ്ലാസുകള്‍ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഈ മോഷണക്കുറ്റത്തിന് അഞ്ചുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം. ഏകദേശം 400 ഡോളര്‍ വിലവരുന്നതാണ് മോഷ്ടിക്കപ്പെട്ട സണ്‍ഗ്ലാസുകള്‍.

മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ സണ്‍ഗ്ലാസുകള്‍ എടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് കുറഞ്ഞത് ആറുമാസമെങ്കിലും ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ജഡ്ജിമാരുടെ സംഘം ഹാര്‍മാനോട് കൂടുതല്‍ കരുണ കാണിച്ചു. കോടതിയില്‍ ഹാര്‍മാന്‍ മാന്യമായാണ് പെരുമാറിയതെന്നും ചെയ്ത തെറ്റില്‍ ഇയാള്‍ക്ക് മനഃസ്താപമുണ്ടെന്നും ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്ന് കോടതിയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ചെയ്ത തെറ്റിന് മാപ്പ് പറയുന്നതായും താന്‍ മോഷ്ടിച്ച ഗ്ലാസുകള്‍ക്ക് ഇരട്ടിവില നല്‍കാന്‍ തയാറാണെന്നും ഹാര്‍മാന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മൂന്നര മാസമായി തനിക്കുള്ള ശിക്ഷ കുറച്ചുതന്നതിന് ഹാര്‍മാന്‍ നന്ദി രേഖപ്പെടുത്തി. ചെയ്ത തെറ്റിന് ഇന്തോനേഷ്യന്‍ ജനങ്ങളോട് മാപ്പു പറയുന്നതായും ഹാര്‍മാന്‍ കോടതിക്കു പുറത്ത് പറഞ്ഞു.

NO COMMENTS

LEAVE A REPLY