മെൽബൺ : ഓസ്ട്രേലിയന്‍ ക്രിക്കറ്റ് എ ടീം സൗത്ത് ആഫ്രിക്കന്‍ പര്യടനം ബഹിഷ്കരിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയുമായി പ്രതിഫലം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനാവാത്തതാണ് പര്യടനം വേണ്ടെന്നു വയ്ക്കാന്‍ താരങ്ങള്‍ തീരുമാനിച്ചത്. ഓസ്ട്രേലിയന്‍ ചിരത്രത്തില് ഇതാദ്യമായാണ് ക്രിക്കറ്റ് ടീം വിദേശ പര്യടനം വേണ്ടെന്നു വയ്ക്കുന്നത്.
ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള പ്രതിഫലത്തുക സംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ധാരണയിലെത്താത്തതാണ് സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ താരങ്ങളെ പ്രേരിപ്പിച്ചതെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന് സ്ഥിരീകരിച്ചു. തൊഴിലില്ലാതെ വലയുന്ന 200 ലധികം മുന്‍ കളിക്കാര്‍ക്ക് പിന്തുണയുമായാണ് പര്യടനത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്ന് ക്രിക്കറ്റ് താരങ്ങള്‍ പറഞ്ഞു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാടില്‍ ഏല്ലാ കളിക്കാരും നിരാശരാണ്. അനുരഞ്ജന ചര്‍ച്ചകളില്‍ പങ്കെടുക്കാനും ക്രിക്കറ്റ് ഓസ്ട്രേലിയ വിസമ്മതിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ഇതിനുമുമ്പും താരങ്ങള്‍ കളിക്കളത്തില്‍നിന്നു വിട്ടുനിന്നിട്ടുണ്ട്.