കണ്ണൂർ ലോബിയും, കൊലപാതകവും സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കും.???

0
1179

നിരീക്ഷണം : കെ.പി. ഷിബു
കൊച്ചി : കേരളത്തിലെ കമ്യൂണിസ്റ് പാർട്ടിയിൽ പിണറായി യുഗം തുടങ്ങിയതോടെ രൂപപ്പെട്ട കണ്ണൂർ ലോബിയുടെ സ്വാധീനവും, മലയാളികളെന്നും ഞെട്ടലോടെ ഓർക്കുന്ന ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷമുണ്ടായിട്ടുള്ള ഇടവേളക്കുശേഷം അധികാരമേറ്റതിനുശേഷമുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ ഒരുഭാഗത്തുള്ള സി.പി.എമ്മിന്റെ സാന്നിധ്യവും വരും നാളുകളിൽ ആ പാർട്ടിയുടെ പതനത്തിനു വഴിവച്ചേക്കും. ടി.പി. എന്ന കമ്യൂണിസ്റ്റിനെ ഇല്ലായ്മ ചെയ്ത സി.പി.എം. അവരുടെ പാർട്ടിയിൽ രൂപപ്പെട്ട ആഭ്യന്തര സംഘർഷങ്ങളിൽ ആടിയുലഞ്ഞപ്പോഴും വിമതനീക്കത്തെ വെട്ടിനിരത്തി പാർട്ടിയിൽ കണ്ണൂർലോബിയുടെ പിൻബലത്തോടെ കെട്ടിപ്പൊക്കിയ സ്വാധീനശക്തി ഉപയോഗിച്ച് പിണറായി എന്ന രാഷ്ട്രീയക്കാരൻ പാർട്ടിയെ നയിച്ചപ്പോഴുമുള്ള രാഷ്ട്രീയ ചുറ്റുപാടല്ല അധികാരത്തിലായിക്കഴിഞ്ഞപ്പോൾ പിണറായി എന്ന മുഖ്യമന്ത്രി ഇപ്പോൾ നേരിടുന്നതെന്നും വ്യക്തം.

ഒരു ബന്ധുവിനെ തനിക്കു സ്വാധീനമുള്ള തന്റെതന്നെ വകുപ്പിൽ നിയമിച്ചത് കേരളരാഷ്ട്രീയത്തിൽ അത്രവലിയ കാര്യമല്ലെന്ന് ആർക്കാണ് അറിയാത്തത് ? അധികാരം തങ്ങൾക്കാവശ്യമുള്ളവർക്ക് വീതംവെച്ചുനൽകുന്ന രീതി ഇന്നോ ഇന്നലെയോ ഉണ്ടായതല്ല കേരളത്തിൽ. അതിൽ എന്നും കോൺഗ്രസ്സും, യു.ഡി.എഫും തന്നെയാണ് മുന്നിലെന്നും എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ ഒരു നിയമനത്തിന്റെ പേരിൽ ജയരാജൻമന്ത്രി രാജിവെക്കേണ്ട സാഹചര്യവും ഇപ്പോൾ ഉണ്ടെന്നു തോന്നുന്നില്ല. പക്ഷെ പാർട്ടിയെയും, പോളിറ്റ് ബ്യൂറോയെയും വരെ ഹൈജാക്ക് ചെയുന്ന തരത്തിൽ വളർന്ന കണ്ണൂർ ലോബിയുടെ അമരക്കാരനായ ജയരാജനെതിരെ പാർട്ടിയിലെ അടിത്തട്ടിൽ തന്നെ ഇത്രമാത്രം ജനരോഷം ഉണ്ടായിരുന്നു എന്ന് ആ പാർട്ടിതന്നെ മനസ്സിലാക്കുന്നത് ഈ വിവാദം രൂപപ്പെട്ടതിനു ശേഷമാണ് എന്നതാണ് ഈ വിഷയത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നത്. ഒരവസരം കിട്ടിയപ്പോൾ മനസ്സിൽ കൊണ്ടുനടന്ന പകയും,രോഷവും പാർട്ടി അണികൾ പ്രകടിപ്പിച്ച രീതിയാണ് പാർട്ടി കാണേണ്ടത്., മനസ്സിലാക്കേണ്ടത്., പഠിക്കേണ്ടത്. അത് കണ്ടു തിരുത്തിടുവാൻ തുനിഞ്ഞില്ലെങ്കിൽ സി.പി.എം. നാളെകളിൽ വൻവില നൽകേണ്ടിവരും എന്നാണ് ജയരാജൻ വിഷയം സി.പി.എമ്മിന് നൽകുന്ന സന്ദേശം.

അധികാരത്തിലേറിയതിനു ശേഷമുള്ള കണ്ണൂർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ മുന്നണിയിലെ രണ്ടാമത്തെ പ്രമുഖ കക്ഷിയും, മറ്റൊരു കമ്യൂണിസ്റ് പാർട്ടിയുമായി സി.പി.ഐ.പോലും പുതിയ സർക്കാരിന്റെ ആദ്യത്തെ ആറു മാസം പോലും ആകുന്നതിനു മുൻപായി സംസ്‌ഥാനത്ത്‌ സി.പി.എം ഒരു പക്ഷത്തായി ഉണ്ടായിട്ടുള്ള കൊലപാതകങ്ങളുടെ കാര്യത്തിൽ എടുത്തിട്ടുള്ള സമീപനങ്ങളും അഭിപ്രായങ്ങളും പരിശോധിച്ചാൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഭരണപക്ഷത്തുള്ളവരുടെ സ്വാധീനമുണ്ടെങ്കിൽ ഉണ്ടാകാവുന്ന പ്രതിസന്ധി വ്യക്തമാക്കുകയാണ്.

ഒരു സംസ്‌ഥാനത്തെ ജനങ്ങളുടെ ആകെ സുരക്ഷയും, സംരക്ഷണവും, ഏറ്റെടുത്ത് അധികാരത്തിലിരിക്കുന്ന ഒരു സർക്കാർ തന്നെ ആ സംസ്‌ഥാനത്തെ രാഷ്ട്രീയ കൊലപാതകത്തിന്റെ ഒരു പക്ഷത്ത് (മറുപക്ഷത്ത് ആരായിരുന്നാലും) ഉണ്ടാവുന്നത് ന്യായീകരിക്കുവാനാത്ത തെറ്റ് തന്നെയാണ്. ആ തിരിച്ചറിവ് സി.പി.എമ്മിനുണ്ടാവും എന്നാണ് പാർട്ടിയെ സ്നേഹിക്കുന്നവർ വിശ്വസിക്കുന്നത്. അതല്ലെങ്കിൽ പ്രതിപക്ഷത്തിരിക്കുന്നവർക്കു ബലിദാനമായി ലഭിക്കുന്ന രക്തസാക്ഷിത്വം നാളെകളിൽ ഭരണപക്ഷത്തേക്കു അവരെ നയിക്കുവാൻ ഇടയാക്കുമെന്നാണ് ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഇവിടെ പ്രേത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഒന്നുകൂടിയുണ്ട്. കേരളത്തിലെ നിയമസഭയിലെ പ്രതിപക്ഷമല്ല സി.പി.എമ്മിന്റെ കൊലക്കത്തിക്കു മുന്നിൽ രക്തസാക്ഷികളാവുന്നത് എന്നുകൂടി നാം അറിയുന്പോഴാണ് സി.പി.എം. പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കേണ്ടത്.

അറുപതുകൾ മുതൽ ഇങ്ങോട്ട് കേരളത്തിൽ സി.പി.എം. പോലൊരു പാർട്ടി അധികാരത്തിലെത്തുന്നതുവരെയുള്ള പോരാട്ടങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും പാർട്ടിക്കുവേണ്ടി ബലികഴിച്ച നിരവധി രക്തസാക്ഷികളുടെ ചോരകൊണ്ട് ആണ് ആ പാർട്ടി വളർന്നതെന്ന്. അതുതന്നെയാണ് സി.പി.എം. അധികാരത്തിലിരിക്കുന്പോൾ ഏതെങ്കിലും ഒരു പാർട്ടിക്ക് (ബി.ജെ.പി / ആർ.എസ്.എസ്) രക്തസാക്ഷികളെ സമ്മാനിച്ചാൽ സംഭവിക്കുന്നതെന്നും തിരിച്ചറിയുവാനുള്ള വിവേകം സി.പി.എമ്മിന് ഉണ്ടാവേണ്ടിയിരിക്കുന്നു. കാരണം കേരളത്തിൽ അവർ ഏറെ ഭയക്കുന്ന രാഷ്ട്രീയ പാർട്ടി തന്നെയാണ് എന്നും ബി.ജെ. പി. എന്ന യാഥാർഥ്യം പൊതുസമൂഹത്തിനു മനസ്സിലായി തുടങ്ങിയ കാലമാണിത്. അത് സി.പി.എം. സമ്മതിക്കില്ലെങ്കിലും. അതുകൊണ്ടുതന്നെ കണ്ണൂരിലേതടക്കം കേരളത്തിൽ സമീപകാലത്തായി രൂപപ്പെട്ട ബി.ജെ.പി., സി.പി.എം സംഘർഷങ്ങളിൽ കൊലപാതകത്തിന്റെ എണ്ണത്തിൽ അധികാര സ്വാധീനശക്തികൊണ്ട് സി.പി.എമ്മിന് ലാഭമുണ്ടാക്കുവാൻ കഴിഞ്ഞാലും ആദ്യന്തികമായ വിജയം ആർ.എസ്.എസ്സിനും അതുവഴി ബി.ജെ.പി.ക്കും ആയിരിക്കും ഉണ്ടാവുക. അതുമനസ്സിലാക്കി തിരുത്തലുകൾ ഉണ്ടായില്ലെങ്കിൽ ഒരു ചെറിയ ആരോപണത്തിന് മുന്നിൽ അധികാരം വിട്ടെറിഞ്ഞുപോയ ജയരാജന്റെ ഗതിയാവും, സി.പി.എമ്മിനും വരും നാളുകളിൽ ഉണ്ടാകുവാൻ പോകുക എന്നത് വ്യക്തം.

pathram-logo-1-small-size

NO COMMENTS

LEAVE A REPLY