കോസ്‌മെറ്റിക് ക്ലിനിക്കുകൾക്ക് ശക്തമായ നിയന്ത്രണം വരുന്നു.

0
424

മെൽബൺ : സൗന്ദര്യ വര്‍ധക ഇന്‍ജക്ഷനുകള്‍ നല്‍കുന്ന ബ്യൂട്ടി സലൂണുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശമുയരുന്നു. ഓസ്‌ട്രേലിയയിലെങ്ങുമുള്ള ബ്യൂട്ടി സലൂണുകളില്‍ നല്‍കുന്ന കോസ്‌മെറ്റിക് ഇന്‍ജക്ഷനുകള്‍ അംഗീകരിക്കാനാവില്ലെന്നും ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കോസ്‌മെറ്റിക് സര്‍ജന്‍മാര്‍ ആവശ്യമുന്നയിക്കുന്നു.

ചില ബ്യൂട്ടി സലൂണുകളില്‍ ലഭ്യമായ കോസ്‌മെറ്റിക് ഇന്‍ജക്ഷനുകള്‍ക്കെതിരേ മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ കോളജ് ഓഫ് കോസ്‌മെറ്റിക് സര്‍ജറി രംഗത്തെത്തി. ഇത്തരം ഇന്‍ജക്ഷനുകള്‍ അപകടം വരുത്തിവയ്ക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. സിഡ്‌നിയിലെ ഒരു സലൂണില്‍ ബ്രെസ്റ്റ് ഫില്ലര്‍ ഇന്‍ജക്ഷനു വിധേയയായ 35 കാരിയായ ഷീന്‍ ഹുവാംഗ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത് നിയമവിരുദ്ധമായ ഇന്‍ജക്ഷനെത്തുടര്‍ന്നാണ്. ഓസ്‌ട്രേലിയയില്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്നതിന് രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഒരു ചൈനീസ് വ്യക്തിയാണ് ഷീന്‍ ഹുവാംഗിന് ഇന്‍ജക്ഷന്‍ നല്‍കിയത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി സലൂണുകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അപകടമുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പും നേരത്തെതന്നെ നല്‍കിയിരുന്നതായി എസിസിഎസിലെ റസെല്‍ ക്‌നുഡ്‌സെന്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഇന്‍ജക്ഷനുകള്‍ എടുക്കുമ്പോള്‍ ഗുരുതരമായ അവസ്ഥകളുണ്ടാകുമെന്നും അതിനെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ ബ്യൂട്ടി സലൂണുകളില്ലെന്നും ക്‌നുഡ്‌സെന്‍ പറഞ്ഞു. ഇന്‍ജക്ഷനുകള്‍ക്കായി ഒരു കോസ്‌മെറ്റിക് നഴ്‌സിന്റെ സേവനം ലഭ്യമാക്കുന്ന സലൂണുകള്‍ ഒരു ഡോക്ടറിന്റെ സാന്നിധ്യംകൂടി ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ചുളിവുകള്‍ ഉണ്ടാകാതിരിക്കാന്‍ ഒരു ഇന്‍ജക്ഷന്‍ നല്‍കിയ നഴ്‌സിന്റെ രജിസ്‌ട്രേഷന്‍ മൂന്നുമാസത്തേക്ക് 2014 ല്‍ റദ്ദാക്കിയിരുന്നു. അനധികൃതമായി സൗന്ദര്യ വര്‍ധക ഇന്‍ജക്ഷനുകള്‍ നല്‍കുന്ന ആയിരത്തോളം ബ്യൂട്ടി സലൂണുകളാണ് ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്നത്.

NO COMMENTS

LEAVE A REPLY