കൽക്കരി മൈനുകളിലെ ജോലിക്കാർക്ക് ബ്ലാക് ലംഗ് രോഗം പടരുന്നതായി റിപ്പോർട്ട്

0
458

ബ്രിസ്‌ബേൻ : സംസ്ഥാനത്തെ കല്‍ക്കരി ഖനികളില്‍ ജോലിചെയ്യുന്ന തൊഴിലാളികളില്‍ സര്‍വസാധാരണമായ ബ്ലാക് ലംഗ് രോഗം സംബന്ധിച്ച റിപ്പോര്‍ട്ടിന് സര്‍ക്കാരിന്റെ അനുകൂല നിലപാട്. പാര്‍ലമെന്റിന്റെ ബ്ലാക് ലംഗ് കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ റിപ്പോര്‍ട്ടിലെ എല്ലാ നിര്‍ദേശങ്ങളും സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.

മാക്കെയിലുള്ള ഖനി സുരക്ഷാ അതോറിട്ടി കല്‍ക്കരി ഖനികളില്‍ കൂടുതല്‍ മിന്നല്‍ പരിശോധനകള്‍ നടത്തും. ഖനികളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കല്‍ക്കരി തൊഴിലാളി ആരോഗ്യ സ്‌കീമില്‍ ഉള്‍പ്പെടുത്തും. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം പാര്‍ലമെന്റ് കമ്മിറ്റിയുടെ 68 നിര്‍ദേശങ്ങളും നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മാക്കെയില്‍ സ്വതന്ത്ര മൈന്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് അതോറിട്ടി രൂപീകരിക്കണമെന്ന കമ്മിറ്റിയുടെ നിര്‍ദേശവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

കല്‍ക്കരി ഖനികളിലെ തൊഴിലാളികളുടെ ആരോഗ്യസ്ഥിതി നിര്‍ണയം, ട്രെയിനുകളില്‍ ലോഡ് ചെയ്യുന്നവര്‍, വൈദ്യുതി ഉല്‍പാദന കേന്ദ്രങ്ങളിലെ തൊഴിലാളികള്‍, ഈ മേഖലയിലെ മറ്റ് തൊഴിലാളികള്‍ എന്നിവരെയും കല്‍ക്കരി ഖനി തൊഴിലാളികള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താമെന്നും സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്കുള്ള ജോലി നഷ്ടപരിഹാരം, പുനഃരധിവാസം, ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തല്‍, അന്തരീക്ഷത്തിലെ കല്‍ക്കരി പൊടിയുടെ അളവ് പരിശോധിക്കലും നിയന്ത്രണവും തുടങ്ങിയവയ്ക്കായി അടുത്ത രണ്ടു വര്‍ഷത്തേക്ക് 21.051 ദശലക്ഷം ഡോളര്‍ ക്വീന്‍സ്്‌ലാന്‍ഡ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്ന് ഖനനവകുപ്പ് മന്ത്രി അന്തോണി ലിന്‍ഹാം പറഞ്ഞു.

NO COMMENTS

LEAVE A REPLY