പൗരത്വ നിയമ ഭേദഗതി സെനറ്റ് തള്ളി. ആഹ്ലാദത്തോടെ കുടിയേറ്റ ജനത.

0
3991

സിഡ്‌നി : ഓസ്‌ട്രേലിയന്‍ കുടിയേറ്റ സമൂഹത്തിന് ആഹ്ലാദം പകരുന്ന വാർത്തയാണ് ഇന്നലെ ഫെഡറൽ സെനറ്റിൽ നിന്നും ഉണ്ടായത്. പൗരത്വത്തിനായി ശ്രമിക്കുന്നവര്‍ക്ക് കടുത്ത നിർദേശങ്ങൾ അടങ്ങിയ നിയമം നടപ്പാക്കുവാൻ സെനറ്റിനായില്ല. അതോടെ ഇതുവരെ ഉണ്ടായിരുന്ന നിയമം അനുസരിച്ച് കുടിയേറ്റ ജനതക്ക് പൗരത്വത്തിനു അപേക്ഷിക്കുവാൻ സാധിക്കും. ഓസ്‌ട്രേലിയന്‍ പൗരത്വത്തിനായി ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ അപേക്ഷകളില്‍ നിലവിലുള്ള നിയമമനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് കുടിയേറ്റ മന്ത്രി പീറ്റര്‍ ഡട്ടണ്‍ അതോടെ പ്രഖ്യാപിക്കുകയായിരുന്നു. കടുത്ത നിയമങ്ങൾ ഏർപ്പെടുത്തിയ ഏപ്രില്‍ 20 നുശേഷം ലഭിച്ച അപേക്ഷകള്‍ക്കും പുതിയ നിയമം ബാധകമാണെന്നാണ് സർക്കാർ അറിയടിച്ചിരുന്നത്. എന്നാൽ അത്തരം അപേക്ഷകളിൽ കുടിയേറ്റ നിയമ ഭേദഗതികള്‍ സെനറ്റ് തള്ളിക്കളഞ്ഞതിനാൽ നിലവിലുള്ള നിയമമനുസരിച്ച് നടപടികള്‍ ഉടൻ പൂര്‍ത്തിയാക്കും.

ഫെഡറല്‍ സര്‍ക്കാരിന്റെ നയങ്ങളില്‍നിന്നുള്ള പിന്നോട്ടുപോക്കാണ് ഈ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു. ഓസ്‌ട്രേലിയന്‍ പൗരത്വത്തിനുള്ള കടമ്പകള്‍ കഴിഞ്ഞ ഏപ്രിലില്‍ കര്‍ശനമാക്കിയിരുന്നു. സ്ഥിര വിസയില്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ പൗരത്വത്തിനായി അപേക്ഷ നല്‍കാനാവുകയുള്ളുവെന്നും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുണ്ടായിരിക്കണമെന്നും നിബന്ധനകള്‍ വച്ചിരുന്നു. ഏപ്രില്‍ 20 നുശേഷം സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഈ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡട്ടണ്‍ നിര്‍ദേശിച്ചു. എന്നാല്‍ ഈ നിര്‍ദേശത്തിന് സെനറ്റിന്റെ അംഗീകാരം നേടാനായില്ല. ഇന്നലെയാണ് ഡട്ടന്റെ അവസാനവട്ട ശ്രമത്തിനും സെനറ്റ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇതോടെ കുടിയേറ്റ മന്ത്രി കൊണ്ടുവന്ന നിയമഭേദഗതി ബില്‍ പാസാക്കാനായില്ല. അടുത്ത വര്‍ഷം ജൂലൈ മുതല്‍ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം സാധാരണ രീതിയിലായിരിക്കും.

നിര്‍ദേശിക്കപ്പെട്ട നിയമഭേദഗതികളനുസരിച്ച് ഏപ്രില്‍ 20 നുശേഷം ലഭിച്ച അപേക്ഷകളില്‍ നടപടി സ്വീകരിക്കാനാണ് ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ നിര്‍ദേശങ്ങള്‍ അതീവ ഗുരുതരമായതിനാല്‍ ഇതിന് സെനറ്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ആവശ്യമായിരുന്നു. പ്രതികൂല സാഹചര്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കര്‍ശനമാക്കിയ ഭാഷാ ടെസ്റ്റ് കനത്ത തിരിച്ചടിയായിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അതുപോലെ PR ലഭിച്ചു കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞവർക്ക് പൗരത്വത്തിന് അർഹത ഉണ്ടായിരുന്നിട്ടും അപേക്ഷ നല്കാതിരുന്നവർക്കും പുതിയ നിയമം തിരിച്ചടിയായിരുന്നു.

NO COMMENTS

LEAVE A REPLY