കുട്ടികളെ വീടിനുള്ളില്‍ പൂട്ടിയിട്ട് വിദേശയാത്ര നടത്തിയ രണ്ടാനമ്മ പിടിയിലായി.

0
2501

പെർത്ത് : രണ്ടു കുഞ്ഞുങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ടശേഷം വിദേശത്തുപോയി മടങ്ങിയെത്തിയ രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പെര്‍ത്തിലെ ക്ലോവര്‍ഡെയിലിലെ വീടിനുള്ളില്‍ നാലും ആറും വയസുള്ള കുഞ്ഞുങ്ങളെ പൂട്ടിയിട്ടശേഷം മൂന്നാം ദിവസമാണ് രണ്ടാനമ്മ മടങ്ങിയെത്തിയത്. പോലീസെത്തി വീടിന്റെ പൂട്ടുപൊളിച്ച് അകത്തു കടന്നാണ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയത്.

28 കാരിയായ രണ്ടാനമ്മ വ്യാഴാഴ്ച വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ വിമാനമിറങ്ങുമ്പോള്‍ പോലീസ് ഇവരെ തടയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുഞ്ഞുങ്ങളെ അടച്ചിട്ടിരുന്ന വീട്ടില്‍ പോലീസെത്തുമ്പോള്‍ മാതാപിതാക്കള്‍ ഇരുവരും വിദേശത്തായിരുന്നതായി പോലീസ് വക്താവ് അറിയിച്ചു. കുട്ടികളെ രണ്ടുപേരെയും സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു.

കുട്ടികളുടെ അച്ഛനുമായുള്ള ബന്ധം മാത്രമാണ് കുട്ടികള്‍ക്ക് ഈ സ്ത്രീയോടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. ഒരു വ്യക്തിയുടെ സംരക്ഷണത്തിലും നിയന്ത്രണത്തിലുമുള്ള കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഈ മാസം 22 ന് ഇവരെ കോടതിയില്‍ ഹാജരാക്കും.

NO COMMENTS

LEAVE A REPLY