ചെങ്ങന്നൂരിൽ പൊടി പാറുന്നു. സജിയെ വിജയൻ മലർത്തിയടിച്ചെക്കും..

0
1440

ചെങ്ങന്നൂർ : സ്വന്തം കയ്യിലിരുന്ന സീറ്റ് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇടതുപക്ഷം ഇപ്പോൾ ചെങ്ങന്നൂരിൽ. മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള നായർ സ്‌ഥാനാർഥികളെ ഇരുമുന്നണികളും കളത്തിലിറക്കിയപ്പോൾ മറുപക്ഷത്ത് അസംഘടിതരായിനിന്ന ക്രിസ്ത്യൻ വോട്ടുകൾ ഇടതുമുന്നണി ആദ്യഘട്ടത്തിൽ ഏകോപിച്ചിരുന്നു. അതുതന്നെയായിരുന്നു ഇടതുമുന്നണിയുടെ കണക്കുകൂട്ടലുകളും. പ്രചാരണത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിലും സജി ചെറിയാൻ വിജയം ഉറപ്പിച്ചത് തന്നെയാണ്.

മണ്ഡലത്തിലെ ശക്തമായ സ്വാധീനശക്തിയായ ഹൈന്ദവ വോട്ടുകൾ എങ്ങോട്ടു ചായുന്നു എന്നത് ജയസാധ്യതയെ കാര്യമായി ബാധിക്കുന്ന മണ്ഡലമാണ് ചെങ്ങന്നൂർ. അതുകൊണ്ടുതന്നെ മൂന്നു സ്‌ഥാനാർഥികളിൽ വച്ച് പൊതുവെ മിതവാദിയും, പലപ്പോഴും പലവേദിയിലും തഴയപ്പെടുകയും ചെയ്ത വിജയകുമാറിനനുകൂലമാകുന്ന കാഴ്ചയാണ് പിന്നീട് മണ്ഡലത്തിലെ പലഭാഗങ്ങളിൽ നിന്നും കാണുവാൻ കഴിഞ്ഞത്. സമീപകാല സംഭവങ്ങളിലെ പോലീസിന്റെ പ്രവർത്തന ശൈലിമൂലമുണ്ടായ ശക്തമായ ഭരണ വിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

കഴിഞ്ഞ തവണ വിജയത്തിനടുത്ത് വരെയെത്തിയ ബി.ജെ.പി. ശക്തമായ ത്രികോണമത്സരമാണ് കാഴ്ചവെക്കുന്നത്. പക്ഷെ കോൺഗ്രസ്സിന്റെ വിജയകുമാറുമായി താരതമ്യപ്പെടുത്തുമ്പോൾ നിക്ഷ്പക്ഷ ഹൈന്ദവ വോട്ടുകൾ ഏറെയും വിജയകുമാറിനനുകൂലമാകുന്ന അവസ്‌ഥയാണിപ്പോൾ ചെങ്ങന്നൂരിലെന്നത് വസ്തുതയാണ്. ഒരുകാലത്ത് ഇപ്പോഴത്തെ ബി.ജെ.പിയുടെ സംസ്‌ഥാന പ്രെസിഡന്റായ കുമ്മനം രാജശേഖരനോടൊപ്പംപോലും അയ്യപ്പ സേവാ സംഘത്തിന്റെ സജീവ പ്രവർത്തകനായിരുന്ന വിജയകുമാറിനെതിരെ ജാതി-മത കാർഡിറക്കി മുന്നേറ്റമുണ്ടാക്കുവാൻ ബി.ജെ.പിക്കും കഴിയുന്നില്ല. തന്നെയുമല്ല സ്വരച്ചേർച്ചയിലല്ലാത്ത ബി.ഡി.ജെ.എസ്സിന്റെ വോട്ടുകൾ ജാതീയ വികാരത്തിൽ പ്രയോജനപ്പെടുന്നതും വിജയകുമാറിനാകും. അതിലെല്ലാം ഉപരിയായി മണ്ഡലത്തിൽ കാര്യമായ സ്വാധീനമില്ലെങ്കിലും കെ.എം.മാണിയുടെ കേരളാ കോൺഗ്രസ്സിന്റെ അവസാന ഘട്ടത്തിലെ പിന്തുണയും വിജയകുമാറിന്റെ വിജയത്തിനാധാരമായേക്കും. ചൂല് ചിഹ്നമായി കിട്ടാതായതോടെ നിരാശയിലായ എ.എ.പി.ക്യാമ്പ് കാര്യമായ സ്വാധീനം ചെലുത്തില്ലെങ്കിലും എ.എ.പി. പിടിക്കുന്ന വോട്ടുകൾ ഇടതുപക്ഷവിശ്വാസിയുടേതായിരിക്കുമെന്നതാണ് മറ്റൊരു വിരോധാഭാസം.

പ്രചാരണത്തിന്റെ അവസാനനാളുകളിലെ ഈ യു.ഡി.എഫ്.അനുകൂല സാധ്യതകളെ മറികടക്കുവാനുള്ള തന്ത്രങ്ങൾ ഇടതുപക്ഷം തിരിച്ചറിഞ്ഞില്ലെങ്കിൽ ചെങ്ങന്നൂരിൽ വിജയകുമാർ ജയിച്ചുകയറുവാനാണ് സാധ്യത. പരസ്യ പ്രചാരണം അവസാനിക്കുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ പൊടിപാറുന്ന പ്രചാരണങ്ങൾക്കാണ് ചെങ്ങന്നൂർ സാക്ഷ്യം വഹിക്കുന്നത്. മെയ് 28 നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ തൊട്ടടുത്ത ദിവസം. നിയമസഭയിലെ അംഗബലം വച്ച് ആര് വിജയിച്ചാലും കാര്യമായ ചലനങ്ങൾ രാഷ്ട്രീയ കേരളത്തിലുണ്ടാവില്ല. പക്ഷെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സംഘാടനത്തിന് എല്ലാ രാഷ്ട്രീയപാർട്ടികൾക്കും മുന്നറിയിപ്പാവും ഈ തിരഞ്ഞെടുപ്പ്.

NO COMMENTS

LEAVE A REPLY