സെന്റർലിങ്ക് ജനങ്ങളെ വഞ്ചിക്കുന്നതായി ലക്ഷക്കണക്കിന് പരാതി.

0
936

സിഡ്‌നി : സര്‍ക്കാര്‍ സംരംഭമായ സെന്റര്‍ലിങ്ക് വഞ്ചിക്കുന്നതായി നിരവധി ഓസ്‌ട്രേലിയക്കാര്‍ പരാതിപ്പെടുന്നു. സെന്റര്‍ലിങ്കിന്റെ വഞ്ചനകളെപ്പറ്റി സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയുന്ന ഓസ്‌ട്രേലിയക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്. ഹ്യൂമന്‍ സര്‍വീസസ് വകുപ്പിനു കീഴിലുള്ള സെന്റര്‍ലിങ്കിനെക്കുറിച്ചുള്ള പരാതികള്‍ ഏറുകയാണെന്ന് ഡിഎച്ച്എസും വ്യക്തമാക്കിയിട്ടുണ്ട്. സെന്റര്‍ലിങ്കിന്റെ സേവനങ്ങളില്‍ മിക്കവരും അതൃപ്തരാണ്.

ഹ്യൂമന്‍ സര്‍വീസസ് വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ പരാതി ഉയര്‍ന്നിരിക്കുന്നത് ന്യൂ സൗത്ത് വെയില്‍സില്‍നിന്നാണ്. 31,041 പരാതികളാണ് ന്യൂ സൗത്ത് വെയില്‍സില്‍നിന്നും ഉയര്‍ന്നിരിക്കുന്നത്. സെന്റര്‍ലിങ്ക് കബളിപ്പിച്ചതായി ക്വീന്‍സ്്‌ലാന്‍ഡില്‍നിന്നും 25,487 പേരും വിക്ടോറിയയില്‍നിന്ന് 21,471 പേരും പരാതിപ്പെട്ടിട്ടുണ്ട്. സെന്റര്‍ലിങ്കിനെതിരേയുള്ള പരാതികള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെക്കൂടുതലാണെന്ന് ഡിഎച്ച്എസിലെ ആന്‍ഡ്രൂ വീസ്മാന്‍ സമ്മതിച്ചു. ഇതൊരു പകര്‍ച്ചവ്യാധിപോലെ പടരുകയാണെന്നും അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കു ലഭിക്കേണ്ട പല ആനുകൂല്യങ്ങളും സെന്റര്‍ലിങ്ക് മനഃപൂര്‍വം നിരസിക്കുകയാണെന്ന ആക്ഷേപം വ്യാപകമാണ്. ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും ഹ്യൂമന്‍ സര്‍വീസസ് വകുപ്പ് മന്ത്രി അലന്‍ ടഡ്ജ് പറഞ്ഞു. ഇത്തരക്കാര്‍ ജനങ്ങളുടെ അവകാശങ്ങള്‍ മോഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സെന്റര്‍ലിങ്കിന്റെ വഞ്ചനയെക്കുറിച്ച് കണ്ടെത്താന്‍ ക്വീന്‍സ്്‌ലാന്‍ഡിലെ കബൂള്‍ചറിലും ഇപ്‌സ്‌വിച്ചിലും കര്‍മസേനയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ സേവനം മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് ലഭ്യമായ വിവരം.

NO COMMENTS

LEAVE A REPLY