ബ്രിസ്ബേൻ : ഭക്ഷണം കഴിക്കാനെത്തിയ ആള്‍ക്ക് ഉപ്പിനു പകരം കാസ്റ്റിക് സോഡാ എന്ന വിഷവസ്തു നല്കിയ ക്വീന്‍സ് ലാന്‍ഡിലെ പ്രസിദ്ധമായ റസ്റ്റോറന്റിന് പിഴശിക്ഷ. ഓസ്ട്രേലിയ ഫെയര്‍ ഷോപ്പിംഗ് സെന്ററിലെ ടോപ് വണ്‍ ചൈനീസ് റസ്റ്റോറന്റിനാണ് പിഴയടയ്ക്കാന്‍ വിധിച്ചിരിക്കുന്നത്. ഭക്ഷണം കഴിക്കുകയായിരുന്നയാള് ഉപ്പ് ചോദിച്ചപ്പോള്‍ കടുപ്പമേറിയ രാസവസ്തുവായ കാസ്റ്റിക് സോഡ അബദ്ധത്തില്‍ നല്‍കുകയായിരുന്നെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. 2016 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ വ്യക്തി ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ ഉപ്പ് ആവശ്യപ്പെട്ടു. അലക്കുപൊടിയുണ്ടാക്കുന്നതിനും ഓടകള്‍ വൃത്തിയാക്കുന്നതിനും ഉപയോഗിക്കുന്ന കാസ്റ്റിക് സോഡ നിറച്ച ചെറിയ പാത്രമാണ് ഉപ്പിനു പകരം ഹോട്ടല്‍ ജീവനക്കാര്‍ അബദ്ധത്തില്‍ നല്‍കിയത്.
ഉപ്പിനുപകരം കാസ്റ്റിക് സോഡാപ്പൊടി ഭക്ഷണത്തില്‍ ചേര്ത്തുകഴിച്ചയാളിന്റെ വായില്‍ ആസിഡുകൊണ്ടുള്ള പൊള്ളലുകളുണ്ടായി. വായിലെ തൊലി പൊള്ളിപ്പോയതിനെത്തുടര്ന്ന് വായില്‍നിന്ന് രക്തമൊഴുകാനും തുടങ്ങി. റസ്റ്റോറന്റിന്റെ ഉടമയായ ക്സിയക്സ്യൂ (സോഫിയ) സണ്‍ ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ ഈ റസ്റ്റോറന്റില്‍ പരിശോധന നടത്തിയിരുന്നു. റസ്റ്റോറന്റിലെ അടുക്കളയില്‍ ലേബലില്ലാതെ നിരവധി കുപ്പികളില്‍ വെളുത്തപൊടികള് നിറച്ചുവച്ചിരിക്കുന്നത് കണ്ടെത്തിയിരിക്കുന്നു.
റസ്റ്റോറന്റിന് പിഴവ് സംഭവിച്ചതായി കണ്ടെത്തിയ കോടതി, ഉടമയായ സണ്‍ 5,000 ഡോളറും അവരുടെ കമ്പനിയായ ഹുവാക്സിയ ഇന്റര്‍നാഷണല്‍ പ്രൊപ്പൈറ്ററി ലിമിറ്റഡ് 20,000 ഡോളറും പിഴയടയ്ക്കാന്‍ വിധിച്ചു. കോടതിചെലവുള്പ്പെടെ പിഴയടയ്ക്കാനാണ് സൗത്ത്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതി വിധിച്ചിരിക്കുന്നത്. റസ്റ്റോറന്റ് വ്യവസായത്തിനുള്ള ഒരു മുന്നറിയിപ്പാണ് കോടതിവിധിയെന്ന് ഗോള്‍ഡ് കോസ്റ്റ് ആരോഗ്യവകുപ്പിലെ ടെറി മൂര്‍ പറഞ്ഞു. വിഷമുള്ള വസ്തുക്കള്‍ കൃത്യമായി ലേബലൊട്ടിച്ച് പ്രത്യേകം സൂക്ഷിക്കണമെന്നും ജീവനക്കാര്‍ക്ക് ഇവ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് പരിശീലനം നല്‍കേണ്ടത് അനിവാര്യമാണെന്നും മൂര്‍ പറഞ്ഞു.