സിഡ്‌നിയിൽ പ്രൈമറി സ്‌കൂളിലേക്ക് കാർ ഇടിച്ചുകയറി രണ്ടുകുട്ടികൾ മരിച്ചു.

0
1600

സിഡ്‌നി : സിഡ്‌നിയിലെ ഒരു പ്രൈമറി സ്‌കൂളിലെ ക്ലാസ് മുറിയിലേക്ക് കാറിടിച്ചു കയറി രണ്ടു കുട്ടികള്‍ മരിച്ചു. 20 കുട്ടികള്‍ക്കു പരിക്കേറ്റു. ബാങ്ക്‌സിയ പബ്ലിക് സ്‌കൂളില്‍ ഇന്നലെ രാവിലെ 9.45 നായിരുന്നു സംഭവം. 24 കുട്ടികളുണ്ടായിരുന്ന ക്ലാസ് മുറിയിലേക്കാണ് ടൊയോട്ട ക്ലുഗെര്‍ കാര്‍ അമിതവേഗത്തില്‍ പാഞ്ഞു കയറിയത്.

വാഹനമോടിച്ചിരുന്ന 52 കാരിയായ മഹാ അല്‍ ഷെന്നാഗിനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരായ രണ്ടു ആണ്‍കുട്ടികളെ വെസ്റ്റ്‌മെഡ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ കുട്ടികള്‍ പിന്നീട് മരിച്ചു. രണ്ട് പെണ്‍കുട്ടികളെയും വെസ്റ്റ്‌മെഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ ഒന്‍പതുവയസുള്ള ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരാണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കാറിനടിയില്‍നിന്ന് പുറത്തെടുത്തത്.

ഇതേ സ്‌കൂളിലെ ഒരു കുട്ടിയുടെ മാതാവാണ് ഷെന്നഗെന്നാണ് ലഭ്യമായ വിവരം. അപകടത്തിനു കാരണം വാഹനത്തിന്റെ തകരാറായിരുന്നോയെന്ന് പോലീസ് പരിശോധിക്കും. മരണകാരണവും അശ്രദ്ധവുമായ അപകടകരമായ ഡ്രൈവിംഗിനാണ് അല്‍ ഷെന്നഗിനെതിരേ കേസെടുത്തിരിക്കുന്നത്. അപകടത്തില്‍ ഷെന്നഗിന് പരിക്കൊന്നുമില്ല. ഇവരുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഇതൊരു അപകടമാണെന്നും കരുതിക്കൂട്ടിയുള്ള പ്രവര്‍ത്തിയല്ലെന്നും കരുതുന്നതായി പോലീസ് പറഞ്ഞു. ഈ മാസം 29 ന് ഹാജരാകണമെന്ന നിര്‍ദേശത്തോടെ ഉപാധികളോടെ ഷെന്നഗിന് ബാങ്ക്‌സ്ടൗണ്‍ പ്രാദേശിക കോടതി ജാമ്യം അനുവദിച്ചു.

NO COMMENTS

LEAVE A REPLY