ഇന്ത്യന്‍ ഓഷ്യന്‍ ഡ്രൈവിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു മരണം.

0
601

പെർത്ത് : ബ്രെട്ടണ്‍ ബേയിലെ ഇന്ത്യന്‍ ഓഷ്യന്‍ ഡ്രൈവിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 83 കാരനായ വയോധികനും 38 കാരിയായ യുവതിയും ആറുവയസുകാരനായ ബാലനുമാണ് കൊല്ലപ്പെട്ടത്. പെര്‍ത്തില്‍നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടമുണ്ടായത്.

ബ്രെട്ടണ്‍ ബേയിലെ സുപ്രധാന ഹൈവേയില്‍ എതിര്‍ദിശകളില്‍നിന്നെത്തിയ രണ്ടു കാറുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ വയോധികന്‍ ഒരു കാറിലും മറ്റുള്ളവര്‍ രണ്ടാമത്തെ കാറിലുമായിരുന്നു. ലാന്‍സെലിനെയും പെര്‍ത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളിലൊന്നാണ് ഇന്ത്യന്‍ ഓഷ്യന്‍ ഡ്രൈവ്. ഇവിടെ വാഹനങ്ങള്‍ക്കുള്ള കൂടിയ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററാണ്.

ഇന്ത്യന്‍ ഓഷ്യന്‍ ഡ്രൈവിലെ ലാന്‍സെലിനും ഡോംഗരയ്ക്കുമിടയിലുള്ള ഭാഗം ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള ഭാഗമായി പഠനറിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഈ ഭാഗത്തിനടുത്താണ് അപകടസ്ഥലം. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പോലീസും പ്രധാന റോഡുകളിലെ സുരക്ഷാ ചുമതലയുള്ള റോഡ് സുരക്ഷാ കമ്മീഷണറും സംസ്ഥാനത്തെ റോഡുകളിലെ സുരക്ഷ സംബന്ധിച്ച് അടുത്തയാഴ്ച പെര്‍ത്തില്‍ ചര്‍ച്ച നടത്തും. ഈ റോഡുകളില്‍ വാഹനമോടിക്കുന്നവരുടെ പെരുമാറ്റം സുപ്രധാനമാണെന്ന് റോഡ് സേഫ്റ്റി കമ്മീഷണര്‍ കിം പപാലിയ പറഞ്ഞു. ഹൈവേകളിലെ അപകടങ്ങളും സാഹചര്യങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY