കാന്‍സര്‍ രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം പിരിച്ചെടുത്ത സ്ത്രീക്ക് തടവുശിക്ഷ.

0
592

അഡലൈഡ് : കാന്‍സര്‍ രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു വൈദികനില്‍നിന്നും കന്യാസ്ത്രീയില്‍നിന്നും പണം തട്ടിയെടുത്ത അഡ്‌ലെയ്ഡ് സ്ത്രീക്ക് തടവുശിക്ഷ. ആന്‍ജി എമ്മ വാല്‍ഷ് എന്ന 40 കാരിയെയാണ് അഞ്ചുവര്‍ഷവും 9 മാസവും 18 ദിവസവും തടവുശിക്ഷയ്ക്കു കോടതി വിധിച്ചിരിക്കുന്നത്. കാന്‍സറാണെന്നും ചികിത്സയ്ക്കുള്ള പണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ മറ്റുള്ളവരെ കബളിപ്പിച്ചിരുന്നത്. സൗത്ത് ഓസ്‌ട്രേലിയയിലും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലും സമാനമായ കേസ് ഇവര്‍ക്കെതിരേയുണ്ട്.

കന്യാസ്ത്രീയായ സിസ്റ്റര്‍ തെരേസ സ്വിഗ്‌സ് 2012 മുതലാണ് വാല്‍ഷിനെ സഹായിക്കാന്‍ തുടങ്ങിയതെന്നാണ് കോടതിയില്‍ ബോധിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇതിനുമുമ്പു വളരെക്കാലമായി വാല്‍ഷ് സിസ്റ്ററില്‍നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റിയിരുന്നു. തന്റെ ഇടവക വികാരിയായിരുന്നു ഫാ. ബില്‍ ബ്രാഡിയോടും അദ്ദേഹത്തിന്റെ സഹോദരിയോടും വാല്‍ഷിനെ സഹായിക്കാന്‍ സിസ്റ്റര്‍ സ്വിഗ്‌സ് അഭ്യര്‍ഥിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും വാല്‍ഷിന്റെ ചികിത്സയ്ക്കായി സാമ്പത്തിക സഹായം നല്‍കാന്‍ തുടങ്ങി. രണ്ടര വര്‍ഷംകൊണ്ട് 1,84,151 ഡോളറാണ് വാല്‍ഷ് ഇവരില്‍നിന്ന് നേടിയത്.

സിസ്റ്ററിന്റെ സഹോദരി വാല്‍ഷിന്റെ ചികിത്സയ്ക്കായി തന്റെ ലൈഫ് സേവിംഗ്‌സും വായ്പയെടുത്തും സഹായിച്ചു. 45 വഞ്ചനാക്കുറ്റങ്ങളാണ് വാല്‍ഷിനെതിരേ ചുമത്തിയിരിക്കുന്നത്. രേഖകളില്‍ കൃത്രിമം കാട്ടിയതിന് മൂന്നു കുറ്റങ്ങളുമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. തങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്നു മനസിലാക്കുന്നത് അത്യന്തം നിരാശാജനകമാണെന്ന് വൈദികനും സഹോദരിയും കോടതിയെ അറിയിച്ചു. നല്ലയാളുകളുടെയും സമൂഹത്തിന്റെയും വിശ്വാസ്യതയെയാണ് വാല്‍ഷ് കളങ്കപ്പെടുത്തിയിരിക്കുന്നതെന്ന് മജിസ്‌ട്രേറ്റ് ഗ്രെഗ് ഫിഷെര്‍ പറഞ്ഞു. ഈ വഞ്ചന നിര്‍ഭാഗ്യകരമാണെന്നും യഥാര്‍ഥത്തില്‍ ആവശ്യമുള്ളവരെ സഹായിക്കുന്നതില്‍നിന്ന് മറ്റുള്ളവരെ ഇത്തരം സംഭവങ്ങള്‍ തടയുമെന്നും കോടതി അഭിപ്രായപ്പെട്ടു.

വാല്‍ഷ് യഥാര്‍ഥത്തില്‍ രോഗിയാണെന്നും ചികിത്സയ്ക്കായി പണം ആവശ്യമുണ്ടെന്നും സിസ്റ്റര്‍ സ്വിഗ്‌സ് വിശ്വസിച്ചു. താന്‍ വഞ്ചിക്കപ്പെട്ടതിന്റെ നാണക്കേട് അവര്‍ പേറുകയാണെന്ന് കോടതി പറഞ്ഞു. തന്റെ സഹോദരിയെയും വൈദികനെയും ഈ വഞ്ചനയ്ക്ക് ഇരകളാക്കേണ്ടിവന്നതിന്റെ ഉത്തരവാദിത്വവും അവരുടെ തലയിലായെന്ന് കോടതി അഭിപ്രായപ്പെട്ടു. രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് നേടിയെടുത്ത പണത്തില്‍ കുറച്ച് അവധിക്കാലം അടിച്ചുപൊളിക്കാനാണ് അവര്‍ ഉപയോഗിച്ചതെന്ന് കോടതി കണ്ടെത്തി. മജിസ്‌ട്രേറ്റ് കോടതിക്ക് ഉത്തരവിടാന്‍ കഴിയുന്നതിന്റെ ഏറ്റവും കൂടിയ പരിധിയായ 20,000 ഡോളര്‍ നഷ്ടപരിഹാരമായി വാല്‍ഷ് അടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY