അപൂർവ ക്യാൻസർ ബാധിച്ച അമ്മക്ക് സർക്കാർ സഹായം ലഭിക്കുന്നില്ല.

0
336

മെൽബൺ : കാന്‍സര്‍ രോഗമുണ്ടെന്നു കണ്ടെത്തുന്നതു വളരെ ഭയാനകമാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന കാന്‍സര്‍, രോഗികള്‍ക്ക് ഭയവും മരണഗന്ധവുമാകുന്നു. ചിലതരം കാന്‍സറുകള്‍ ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. എന്നിരുന്നാലും കാന്‍സറെന്നു കേള്‍ക്കുമ്പോള്‍തന്നെ ജീവിതം നിലച്ചുപോയതുപോലെ തോന്നും. എന്നാല്‍ അപൂര്‍വമായി കാണപ്പെടുന്ന കാന്‍സര്‍ ബാധ കൂടുതല്‍ വെല്ലുവിളിയാകുന്നു. ഇവര്‍ക്കുള്ള മരുന്നുകളുടെ വിലയും വളരെ കൂടുതലാണ്. അതിനാല്‍തന്നെ ഇത്തരത്തിലുള്ള രോഗികളുടെ ആയുസിന്റെ ദൈര്‍ഘ്യം മറ്റ് കാന്‍സര്‍ രോഗികളെക്കാള്‍ രണ്ടുമടങ്ങ് കുറവാണ്.

ലെജ്‌ല മെഡുസെലാക് എന്ന 33 കാരിയായ യുവതിയുടെ ജീവിതം ആശങ്കയിലാണ്. രണ്ടു കുട്ടികളുടെ അമ്മയായ മെഡുസെലാക് ഏകസ്ഥയായ മാതാവാണ്. രണ്ടുകുട്ടികളില്‍ മൂത്ത പെണ്‍കുട്ടിക്ക് സെറിബ്രല്‍ പാള്‍സിയെന്ന രോഗമാണ്. കഴിഞ്ഞ വര്‍ഷമാണ് മെഡുസെലാകിന് അപൂര്‍വ കാന്‍സറാണെന്ന് പരിശോധനയില്‍ കണ്ടെത്തിയത്. ഓപ്പറേഷന്‍ നടത്താനാവാത്ത അഡ്രിനല്‍ ഗ്രന്ഥിക്കാണ് കാന്‍സര്‍ പിടിപെട്ടിരിക്കുന്നത്. ഈ രോഗം ഇപ്പോള്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്.

മെഡുസെലാകിന്റെ രോഗത്തിനുള്ള എക മരുന്നിന് ഫെഡറല്‍ സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കുന്നില്ല. അതിനാല്‍ ഈ മരുന്നിന് പതിനായിരങ്ങള്‍ ചെലവഴിക്കണം. ഭര്‍ത്താവില്ലാത്ത യുവതിയെ സംബന്ധിച്ചിടത്തോളം മരുന്നിനായി ഇത്രയും തുക ചെലവഴിക്കുക അസാധ്യമാണ്. തന്റെ അപൂര്‍വ കാന്‍സര്‍ രോഗത്തിന് സബ്‌സിഡി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെഡറല്‍ സര്‍ക്കാരിനെതിരേ കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ് മെഡുസെലാക്. കോടതിയില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണിവര്‍.

ഒരു ലക്ഷത്തില്‍ ആറുപേര്‍ക്ക് വരുന്നതാണ് അപൂര്‍വ കാന്‍സര്‍ രോഗം. സര്‍ക്കാര്‍ തലത്തില്‍ മാറ്റമുണ്ടാകണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് നല്‍കാനാണ് റെയര്‍ കാന്‍സേഴ്‌സ് ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നത്. സാധാരണ കാന്‍സറിനൊപ്പം 50,000 പേര്‍ക്ക് അപൂര്‍വ കാന്‍സര്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ പകുതിയും അടുത്ത അഞ്ചുവര്‍ഷത്തിനുള്ള മരണമടയുമെന്ന് ചാരിറ്റി റെയര്‍ കാന്‍സേഴ്‌സ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു. ഇവരില്‍ മിക്കവര്‍ക്കും ശരിയായ ചികിത്സ ലഭിക്കുന്നില്ല. അപൂര്‍വ കാന്‍സര്‍ രോഗങ്ങളെക്കുറിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും അതിനായി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. അപൂര്‍വ കാന്‍സര്‍ രോഗം ബാധിച്ചിരിക്കുന്ന രോഗികള്‍ക്ക് സബ്‌സിഡി നിരക്കില്‍ മരുന്നും ചികിത്സയും നല്‍കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

NO COMMENTS

LEAVE A REPLY