ബ്രാന്‍ഡഡ് മരുന്നുകൾക്കൊപ്പം ജെനറിക് മരുന്നുകള്‍ക്കും പ്രാധാന്യം നൽകുവാൻ സർക്കാർ ആലോചന.

0
628

സിഡ്‌നി : വന്‍കിട കമ്പനികളുടെ ബ്രാന്‍ഡഡ് മരുന്നുകളെക്കാള്‍ ജെനറിക് മരുന്നുകള്‍ക്ക് ഓസ്‌ട്രേലിയക്കാര്‍ക്കിടയില്‍ താല്‍പര്യമേറുന്നു. അടുത്തയാഴ്ച അവതരിപ്പിക്കുന്ന ഫെഡറല്‍ ബജറ്റില്‍ ജെനറിക് മരുന്നുകള്‍ക്ക് പ്രധാന്യം നല്‍കുമെന്നാണ് സൂചന. ഇപ്പോള്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ നിര്‍ദേശിക്കുന്ന സോഫ്റ്റവെയര്‍ മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജെനറിക് മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നതിനൊപ്പം മറ്റ് ബ്രാന്‍ഡഡ് മരുന്നുകളും നിര്‍ദേശിക്കാന്‍ സോഫ്റ്റ്‌വെയറില്‍ സൗകര്യമുണ്ടാകുമെന്നാണ് ലഭ്യമായ വിവരം.

സര്‍ക്കാരും മെഡിസിന്‍സ് ഓസ്‌ട്രേലിയയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ജെനറിക് മരുന്നുകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വന്‍കിട മരുന്നുകമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന മരുന്നുകളുടെ ചേരുവകളില്‍ മാറ്റം വരുത്താതെ നിര്‍മിക്കുന്നവയാണ് ജെനറിക് മരുന്നു. ബ്രാന്‍ഡഡ് മരുന്നുകള്‍ക്കു പകരം ജെനറിക് മരുന്നുകള്‍ ഉപയോഗിക്കുന്നതുവഴി പ്രതിവര്‍ഷം 1.8 ലക്ഷംകോടി ഡോളര്‍ ലാഭിക്കാനാവും. ഇങ്ങനെ സ്വരൂപിക്കുന്ന ലാഭം ഫാര്‍മസ്യൂട്ടിക്കല്‍ ബെനഫിറ്റ്‌സ് സ്‌കീം വഴി പുതിയ മരുന്നുകള്‍ക്കായി ഉപയോഗിക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹന്‍ഡ് പറഞ്ഞു. നൂറു ശതമാനവും ഡോക്ടര്‍മാരുടെ നിയന്ത്രണത്തില്‍ രോഗികള്‍ക്കുള്ള മരുന്നുകള്‍ നിര്‍ദേശിക്കുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ മരുന്നുകള്‍ കുറഞ്ഞ വിലയില്‍ എത്തിച്ച് ഓസ്‌ട്രേലിയക്കാരുടെ ആരോഗ്യസംരക്ഷണം മികവുറ്റതാക്കും. ലുക്കേമിയ, പള്‍മിനറി ഫൈേ്രബാസിസ്, സിസ്റ്റിക് ഫൈേ്രബാസിസ് എന്നീ രോഗങ്ങളുടെ ചികിത്സയ്ക്കായി 310 ദശലക്ഷം ഡോളര്‍ ചെലവഴിച്ചത് ഇതിന് ഉദാഹരണമാണെന്ന് ഹന്‍ഡ് പറഞ്ഞു. കണ്‍സഷന്‍ കാര്‍ഡുടമകള്‍ക്ക് 6.30 ഡോളറിനു ലഭിക്കുന്ന മരുന്നുകള്‍ ജനറല്‍ രോഗികള്‍ക്ക് 38.80 ഡോളറിനാണ് ലഭിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നവയില്‍ 58 ശതമാനവും ജെനറിക് മരുന്നുകളാണ്. അമേരിക്കയില്‍ ഇത് 84 ശതമാനവും ഇംഗ്ലണ്ടില്‍ 83 ശതമാനവുമാണ്. ജെനറിക് മരുന്നുകള്‍ നിര്‍ദേശിക്കുന്നതിനോട് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. സ്വതന്ത്രമായ ക്ലിനിക്കല്‍ തീരുമാനത്തെയും മരുന്നുകള്‍ നിര്‍ദേശിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെയും പുതിയ ബജറ്റ് നിര്‍ദേശം ബാധിക്കുമെന്ന് എഎംഎ വൈസ് പ്രസിഡന്റ് ടോണി ബാര്‍ടണ്‍ അഭിപ്രായപ്പെട്ടു. ജെനറിക് മരുന്നുകള്‍ നിര്‍ദേശിക്കാന്‍ നിര്‍ബന്ധിക്കുന്നത് രോഗികളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡോക്ടര്‍മാരുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ല ഇതെന്ന് മന്ത്രി ഗ്രെഗ് ഹന്‍ഡ് വ്യക്തമാക്കി. രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഫാര്‍മസി ഗില്‍ഡും സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY