ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിക്ക് കായികലോകത്തിന്റെ കണ്ണീര്‍പ്പൂക്കള്‍

0
842
ലോക ഹെവി വെയിറ്റ് ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിക്ക് ഓസ്‌ട്രേലിയന്‍ കായികലോകത്തിന്റെ ആദരാഞ്ജലികള്‍. ഇന്നലെ അന്തരിച്ച മുന്‍ ലോക ബോക്‌സിംഗ് ചാമ്പ്യന് ഓസ്‌ട്രേലിയന്‍ ബോക്‌സിംഗിന്റെ കണ്ണീരില്‍ കുതിര്‍ന്ന ബിഗ് സല്യൂട്ട് അര്‍പ്പിക്കുന്നതായി അന്തോണി മുണ്ടെയിന്‍ പറഞ്ഞു. ബോക്‌സിംഗ് റിംഗിനുള്ളിലും പുറത്തും തലമുറകളെ ആവേശഭരിതരാക്കുകയും തലമുറകള്‍ക്ക് പ്രചോദനമാകുകയും ചെയ്ത മഹത് വ്യക്തിത്വമായിരുന്നു അലിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ഒരു കായികാഭ്യസിയെന്ന നിലയിലും ബോക്‌സിംഗ് റിംഗില്‍ പോരാളിയെന്ന നിലയിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചയാളായിരുന്നു അലി.
വ്യക്തിയെന്ന നിലയിലും മനുഷ്യജീവിയെന്ന നിലയിലും ഒരു മഹത് വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. എക്കാലത്തെയും മഹാനായ ബോകസറായിരുന്നു അലിയെന്ന് ബോക്‌സിംഗ് ഓസ്‌ട്രേലിയയുടെ പ്രസിഡന്റും അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായ റ്റെഡ് താന്നെര്‍ അഭിപ്രായപ്പെട്ടു. തന്റെ കായിക ജീവിതത്തിന്റെ തുടക്കത്തില്‍തന്നെ ഓസ്‌ട്രേലിയയുമായി അലിക്ക് ബന്ധമുണ്ടായിരുന്നു. 1950 കളില്‍ ഓസ്‌ട്രേലിയന്‍ ബോക്‌സറായ ടോണി മഡിഗണിനെ അദ്ദേഹം പരാജയപ്പെടുത്തി. 1960 ല്‍ റോം ഒളിപിക്‌സില്‍ സെമിഫൈനലില്‍ മഡിഗണിനെ പരാജയപ്പെടുത്തി സ്വര്‍ണം നേടിയിരുന്നു.
മറ്റുള്ളവരെ കുടുകുടെ ചിരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. വളരെ നാളുകളായി പാര്‍ക്കിന്‍സണ്‍ രോഗവുമായി അദ്ദേഹം മല്ലിടുകയായിരുന്നു. മറ്റുള്ളവരെ തന്റെ തമാശകള്‍കൊണ്ട് ചിരിപ്പിക്കാന്‍ പാര്‍ക്കിന്‍സണ്‍ രോഗം അദ്ദേഹത്തെ അനുവദിച്ചില്ല. യുദ്ധത്തിനെതിരേയും സമത്വത്തിനായും നിരന്തരം യത്‌നിച്ചിരുന്ന ഒരു മനുഷ്യ സ്‌നേഹിയായിരുന്നു മുഹമ്മദ് അലി.

NO COMMENTS

LEAVE A REPLY