അഡലൈഡിലെ മലയാളി ബിൽഡറുടെ ലൈസൻസ് റദ്ദാക്കി.

0
1748

അഡലൈഡ് : ഓസ്‌ട്രേലിയയിലും മലയാളികളുടെ തട്ടിപ്പുകൾ ഏറുന്നു. വിസ,ജോലി, വിമാനടിക്കറ്റ് എന്നിങ്ങനെയുള്ള തട്ടിപ്പുകൾ മലയാളികൾ നടത്തിയിട്ടുണ്ടെങ്കിലും ബിൽഡിങ് മേഖലയിൽ മലയാളികളുടെ തട്ടിപ്പ് ഇതാദ്യമാണ്. അഡലൈഡിലെ ഒരു മലയാളിയുടെ പേരിലുള്ള കെട്ടിട നിര്‍മാണ കമ്പനിയുടെ ലൈസന്‍സ് ബന്ധപ്പെട്ട സൗത്ത് ഓസ്‌ട്രേലിയന്‍ നിരീക്ഷണ സമിതി റദ്ദാക്കി. കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കാമെന്നും വ്യാജ നിര്‍മാണ നഷ്ടപരിഹാര ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്ത് വന്‍ തുക തട്ടിയെടുത്തെന്നാണ് ആരോപണം. സൗത്ത് ഓസ്‌ട്രേലിയന്‍ കണ്‍സ്യൂമര്‍ ആന്‍ഡ് ബിസിനസ് സര്‍വീസസാണ് ലൈസന്‍സ് റദ്ദാക്കിയത്. ഫെന്‍ബ്രീസ് ഹോംസ് പ്രൊപ്പൈറ്ററി ലിമിറ്റഡ് എന്ന കെട്ടിട നിര്‍മാണ കമ്പനിക്കും അതിന്റെ ഡയറക്ടറായ ബിജു ജോസഫ് കാവില്‍പുരയിടത്തിലിനുമെതിരേയാണ് നിരീക്ഷണ സമിതി നടപടി സ്വീകരിച്ചത്. കമ്പനിയെയും ഡയറക്ടറെയും കുറിച്ച് ജനങ്ങള്‍ക്ക് സമിതി മുന്നറിയിപ്പു നല്‍കി.

ഫെന്‍ബ്രീസ് ഹോംസ് കമ്പനിക്കും ഡയറക്ടര്‍ ബിജുജോസഫ്നുമെതിരേ നിരവധി പരാതികളാണ് സൗത്ത് ഓസ്‌ട്രേലിയന്‍ ഉപഭോക്തൃ നിരീക്ഷണ സമിതിക്കു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതി നടപടി സ്വീകരിച്ചത്. കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനത്തില്‍ നിരവധിപേരില്‍നിന്ന് പണം കൈപ്പറ്റിയെങ്കിലും കെട്ടിടം നിര്‍മിച്ചു നല്‍കിയില്ലെന്ന് പരാതികളില്‍ പറയുന്നു. കമ്പനിയും ഡയറക്ടറും തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നാണ് മിക്കവരും പരാതി നല്‍കിയിരിക്കുന്നത്. കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്കിയവർക്കുതന്നെ വ്യാജമായ നഷ്ടപരിഹാര ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് ലഭിച്ചത്.

പണം കൈപ്പറ്റിയശേഷം കെട്ടിടം നിര്‍മിച്ചു നല്‍കിയില്ലെന്നും പറഞ്ഞ സമയത്ത് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കിയില്ലെന്നും നിരവധിപേര്‍ പരാതിപ്പെട്ടതായി ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡിനി സൗളിയോ പറഞ്ഞു. ഈ വാക്കുവ്യത്യാസം ഓസ്‌ട്രേലിയന്‍ ഉപഭോക്തൃ നിയമ ലംഘനമാണ്. ഈ സ്ഥാപനം നടത്തിയിരിക്കുന്ന കരാറുകളെക്കുറിച്ച് കമ്മീഷന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഫെന്‍ബ്രീസ് ഹോംസുമായി ജനങ്ങള്‍ കെട്ടിട നിര്‍മാണ കരാറുകളില്‍ ഏര്‍പ്പെടരുതെന്നും ഡിനി സൗളോ മുന്നറിയിപ്പു നല്‍കി. കമ്പനിയുമായി ഇടപാടുകള്‍ നടത്തുന്നവര്‍ നഷ്ടപരിഹാര ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ സാധുത പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് സൗളിയോ നിര്‍ദേശിച്ചു. ഫെന്‍ബ്രീസ് ഹോംസുമായോ ജോസഫ് ബിജുവുമായോ ഉള്ള ഇടപാടുകളില്‍ ആശങ്കയുള്ളവര്‍ക്ക് 131 882 എന്ന നമ്പരില്‍ അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY