ഉത്സവഛായ പകർന്ന ബൈബിൾ കലോത്സവം പ്രൗഢഗംഭീരമായി

0
1296

ജിബിജോയ് പുളിക്കൽ

പെർത്ത്: സെൻറ് ജോസഫ് സീറോ മലബാർ ഇടവകയുടെ ആഭ്യമുഖ്യത്തിൽ സംഘടിപ്പിച്ച “ബൈബിൾ കലോത്സവം 2017” പ്രൗഡഗംഭീരമായി മെയ് മാസം 6, 7 തീയതികളിൽ വിപുലമായി ആഘോഷിച്ചു. ദൈവവിശ്വാസവും, ധാർമ്മികമൂല്യങ്ങളും നഷ്ടപ്പെട്ടുപോകാതെ, കുട്ടികളിൽ പഠ്യേതര കഴിവുകളും പുഷ്‌പിച്ചെടുത്ത് മികച്ച പ്രതിഭകളാക്കുകയാണ് “ബൈബിൾ കലോത്സവം” കൊണ്ട് ലക്ഷ്യമിടുന്നത്. എഴുന്നൂറിലധികം മതബോധന വിദ്യാർത്ഥികൾ ആറ് ഗ്രൂപ്പുകളിലായി ഇതിന്റെ ഭാഗമായി വരുന്നു എന്ന വിപുലവ്യാപ്തി ആണ് ഏറ്റവും വലിയ സവിശേഷത. ഇടവക വികാരി ഫാ. അനീഷ് പൊന്നെടുത്തകല്ലേൽ V.C. ഔപചാരികമായി ഉത്‌ഘാടനം ചെയ്ത ദ്വിദിന പരിപാടിയിൽ നിരവധി വൈദികർ പങ്കെടുത്തു. പ്രഥമാദ്ധ്യാപകനായ പ്രകാശ് ജോസഫിനായിരുന്നു പരിപാടിയുടെ ഏകോപനച്ചുമതല. ചിത്രരചനാ, ഉപന്യാസം, കവിതാരചന, പാട്ട്, ബൈബിൾ വായന, മലയാളത്തിലും ഇംഗ്ലീഷിലും നടന്ന പ്രസംഗമത്സരങ്ങൾ എന്നിവയായിരുന്നു ആദ്യദിനത്തിലെ മത്സരങ്ങൾ.

ഏഴാം തിയതി ഉച്ചക്ക് ഒരുമണിക്ക് വിശുദ്ധ കുർബാനക്ക് ശേഷം നടന്ന “ബൈബിൾ ക്വിസ്” മത്‌സരം ഇളം തലമുറയ്ക്ക് ബൈബിളിലുള്ള പാണ്ഡിത്യം വെളിപ്പെടുത്തി. നിറഞ്ഞു തിങ്ങിയ ജനസാഗരത്തിൽ ത്രസിപ്പിക്കുന്ന ഗാനമേള ആവേശത്തിന്റെ അലയടികൾ തീർത്തു. കേരളക്രൈസ്തവ കലാരൂപമായ “മാർഗംകളി” പാരാമ്പര്യത്തനിമയാർന്നതായിരുന്നു. ക്രൈസ്തവജീവിതവുമായി ബന്ധപ്പെട്ട പ്രച്ഛന്ന മത്സരവും, നിശ്ചലദ്രശ്യങ്ങളും വർദ്ധിച്ച ആരവത്തോടെയും കരഘോഷത്തോടെയുമാണ് സദസ് വരവേറ്റത്. വർണ്ണാഭമായ നൃത്തമത്സരങ്ങൾ പ്രവാസികളായ കാണികൾക്ക് ഒരു യുവജനോത്സവം ആസ്വദിക്കുന്ന പ്രതീതി നൽകി. വേദിക്ക് ഉള്ളിൽ കലാസദ്യ അരങ്ങു തകർക്കുമ്പോൾ, വേദിക്ക് പുറത്ത് വിഭവസമൃദ്ധമായ പാചകവിഭവങ്ങളും നടൻ തട്ടുകടയും ഗ്രഹാതുരത്വത്തിന്റെ സ്മരണകൾ സമ്മാനിച്ചു. അവതരണശൈലിയിൽ വ്യത്യസ്തത പുലർത്തി, ആത്മീയ നേത്രങ്ങൾ തുറപ്പിച്ച്, സിരകളിൽ വിശ്വാസത്തിന്റെ ജ്വാല കത്തിപടർത്തിയ ബൈബിൾ സംഭവങ്ങളുടെ ദൃശ്യാവിഷ്‌കരണം കാണികൾ ഇമ വെട്ടാതെ നോക്കി നിന്നു. പ്രതികൂല സാഹചര്യത്തിലും മോശയെ ശത്രുകരങ്ങൾ കൊണ്ടുതന്നെ സംരക്ഷിച്ച ദൈവം, ശത്രുപാളയത്തിൽ കയറി ശത്രുപടയെ നശിപ്പിച്ച യൂദിത്ത് എന്ന യഹൂദവനിത, ആദിമ ക്രിസ്ത്യാനികളെ നിർദാരുണം ആക്രമിച്ചുകൊണ്ടിരുന്ന സാവൂളിനെ മനസാന്തരപ്പെടുത്തി ക്രിസ്തുവിന്റെ അപ്പസ്തോലനാക്കിയ സംഭവം; യഥാക്രമം ഈ സ്കിറ്റുകൾക്കാണ് ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങൾ കിട്ടിയത്. മുൻവർഷത്തെ ജേതാക്കളായ “ഒലിവ് ഹൗസ്” തന്നെയാണ് ഈ വർഷത്തെയും ജേതാക്കൾ. ജോർദാസ് തരിയത്ത്, റീന നിജോ എന്നിവരാണ് ഒലിവ് ഹൗസിനെ നയിച്ചത്. വ്യക്തമായ വ്യത്യാസത്തിൽതന്നെ ജേതാക്കളായി എന്നത് അവരുടെ സ്ഥിരപരിശ്രമം കൊണ്ട് മാത്രമാണ്. രണ്ടാം സ്ഥാനം ജൂൻഡലപ്പിൽ നിന്നുള്ള “സെഹിയോൻ” ഹൗസും, മൂന്നാം സ്ഥാനം “കാർമൽ” ഹൗസും കരസ്ഥമാക്കി. സമ്മാന ദാനത്തോടുകൂടി പരിപാടികൾ വിസ്മൃതിയിലേക്ക് തെന്നിമാറിയതോടെ ഒരുമാസക്കാലത്തെ ഇടവകയിലെ വിവിധ കൂട്ടായ്മകളുടെ പരിശ്രമങ്ങൾക്ക് പരിസമാപ്തിയായി. വിവിധ മേഖലയിൽ നിന്നും മത്സരബുദ്ധിയോടെയും, ആൽമസമർപ്പണത്തോടെയും, കലോത്സവത്തിന്റെ പിന്നാമ്പുറങ്ങളിൽ പ്രവർത്തിച്ച മുഴുവൻ ഇടവക അംഗങ്ങൾക്കും, പങ്കെടുത്ത മുഴുവൻ കലാപ്രതിഭകൾക്കും നന്ദി അറിയിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

NO COMMENTS

LEAVE A REPLY