ബാസ്‌ക്കറ്റ് ബോള്‍ മത്സരത്തിനിടെ കോര്‍ട്ടില്‍ ബാലതാരം കുഴഞ്ഞുവീണു മരിച്ചു

0
940

പെർത്ത് : സംസ്ഥാന ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ ഒന്‍പതുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. പെര്‍ത്തിലെ വാര്‍വിക്ക് സ്‌റ്റേഡിയത്തിലായിരുന്നു സംഭവം. അണ്ടര്‍ ഇലവന്‍ വിഭാഗത്തിലുള്ളവരുടെ മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു ഈ കുട്ടിയെന്ന് ബാസ്‌ക്കറ്റ്‌ബോള്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് റോബ് ക്ലെമെന്റ് പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നു സംശയിക്കുന്നു.

മത്സരത്തിനിടെ കുഴഞ്ഞുവീണ കുട്ടിക്ക് കോര്‍ട്ടിനു പുറത്ത് പ്രാഥമിക ശുശ്രൂഷ നല്‍കി. പിന്നീട് ആംബുലന്‍സില്‍ ജൂന്‍ഡലുപ് ഹെല്‍ത്ത് കാമ്പസിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലേക്ക്‌സൈഡ് അണ്ടര്‍ ഇലവന്‍ ടീമിനുവേണ്ടിയായിരുന്നു ഇവന്‍ കളിച്ചിരുന്നത്. മത്സരത്തിനിടെയുള്ള ഇന്റര്‍വെലിനുശേഷം മത്സരക്കളത്തില്‍ തിരിച്ചെത്തിയ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു.

ആഴ്ചയവസാനത്തെ മത്സരത്തില്‍ ലേക്ക്‌സൈഡ് ടീമംഗങ്ങള്‍ ആവേശഭരിതരായിരുന്നെന്നും എന്നാല്‍ അപ്രതീക്ഷിതമായ ദുരന്തം എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണെന്നും ലേക്ക്‌സൈഡ് ലൈറ്റ്‌നിംഗ് ടീം ഡയറക്ടര്‍ സ്റ്റീവ് ബെസന്റ് പറഞ്ഞു. തങ്ങളുടെ ടീമിലെ മികച്ച കളിക്കാരനെയും സമൂഹത്തിലെ നല്ലൊരു അംഗത്തെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വാര്‍വിക്‌സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ നിറുത്തിവച്ചിരിക്കുകയാണ്. ബാലതാരം മരിച്ചതു സംബന്ധിച്ച് കൊറോണറിന് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണത്തിന്റെ ഭാഗമായി ദൃക്‌സാക്ഷികളില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.

NO COMMENTS

LEAVE A REPLY