കുറഞ്ഞ പലിശനിരക്ക് ബാങ്കുകള്‍ക്ക് നഷ്ടമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധന്‍

0
1136

സിഡ്‌നി : നിശ്ചിത കാലയളവിലേക്കുള്ള നിക്ഷേപത്തിന് പലിശനിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ബാങ്കുകളുടെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ബ്രിയാന്‍ ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഹോം ലോൺ വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ഇളവ് നടപ്പിലാക്കാന്‍ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് ഇനിയും പലിശ നിരക്ക് കുറക്കുന്നത് ബാങ്കുകളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് തന്നെയാണ് എന്നും ജോൺസൺ അഭിപ്രായപ്പെട്ടു.

ഹോം ലോൺ അടക്കമുള്ള വായ്പകള്‍ക്കുള്ള പലിശനിരക്കും സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കും തമ്മിലുള്ള അന്തരം വരും നാളുകളിൽ ബാങ്കുകള്‍ക്ക് വിനയാകുമെന്നാണ് ജോണ്‍സണിന്റെ കണക്കുകൂട്ടല്‍. ആഗോള വിപണിയില്‍നിന്ന് കടപ്പത്രങ്ങളിലൂടെയും ഓഹരികളിലൂടെയും സമാഹരിക്കുന്ന തുകയ്ക്ക് എക്കാലത്തേയും കുറഞ്ഞ പലിശ നിരക്കാണിപ്പോഴുള്ളത്. എന്നിരുന്നാലും ബാങ്കുകളെ പ്രവര്‍ത്തനത്തിന് സഹായകമാകുന്നത് എപ്പോഴും സ്ഥിര നിക്ഷേപങ്ങളാണ്. ഈ സ്ഥിരനിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ പലിശനിരക്ക് നല്‍കിയില്ലെങ്കില്‍ നിക്ഷേപം കുറയും. ഇത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ആഗോളതലത്തില്‍ ഏറ്റവും ലാഭമുണ്ടാക്കുന്ന ബാങ്കുകളുടെ പട്ടികയില്‍ ഓസ്‌ട്രേലിയയിലെ നാലു പ്രമുഖ ബാങ്കുകളും ഉള്‍പ്പെടുന്നുവെന്നത് അഭിമാനാര്‍ഹമാണെന്നും റിസർവ് ബാങ്കിന്റെ പുതിയ കുറഞ്ഞ നിരക്കിലുള്ള പലിശ രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തങ്ങളെ സാരമായി ബാധിച്ചേക്കുമെന്നും ജോണ്‍സണ്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY